മല്ലികാ സുകുമാരന്റ സിനിമ ജീവിതത്തിലെ 50 വർഷം ആഘോഷിച്ച് തലസ്ഥാനം
text_fieldsതിരുവനന്തപുരം: നടി മല്ലികാ സുകുമാരന്റെ സിനിമ ജീവിതത്തിന്റെ 50 വർഷം ആഘോഷിച്ച് തലസ്ഥാനം. ഹോട്ടൽ അപ്പോളോ ഡിമോറയിൽ നടന്ന പരിപാടി മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.
ഉത്തരായനം, സ്വയംവരം എന്നിങ്ങനെ മലയാള സിനിമയുടെ ദിശയെ നിയന്ത്രിച്ച രണ്ട് ചിത്രങ്ങളിൽ അഭിനയിച്ച വ്യക്തിയെന്ന നിലയിൽ മല്ലികാ സുകുമാരനെ ഒരിക്കലും മറക്കാനാകില്ലെന്ന് മന്ത്രി പറഞ്ഞു. മന്ത്രി ജി.ആർ. അനിൽ അധ്യക്ഷതവഹിച്ചു. മന്ത്രി പി. രാജീവ് പൊന്നാട അണിയിച്ചു. മക്കളും നടന്മാരുമായ ഇന്ദ്രജിത്ത് സുകുമാരനും പൃഥ്വിരാജ് സുകുമാരനും അമ്മയുടെ ജീവിതത്തിലെ ആപത്ഘട്ടങ്ങളെക്കുറിച്ച് സ്മരിച്ചപ്പോൾ മൂവരും കണ്ണീരണിഞ്ഞു.
ജീവിതത്തിൽ ഇനി അധിക മോഹങ്ങൾ ഒന്നുമില്ലെന്നും ഇതുവരെ ഈശ്വരൻ നൽകിയ വരദാനത്തിന് നന്ദി പറയുന്നതായും മറുപടി പ്രസംഗത്തിൽ മല്ലികാ സുകുമാരൻ പറഞ്ഞു. അമ്പതാം വാർഷികം ആഘോഷിക്കുക എന്നത് സുഹൃദ് സംഘത്തിന്റെ താൽപര്യമായിരുന്നു. അത് എല്ലാവരും ഏറ്റെടുത്തതായും എല്ലാവരെയും നന്ദിപൂർവം സ്മരിക്കുന്നതായും അവർ പറഞ്ഞു.
സംവിധായകൻ ഷാജി എൻ. കരുൺ സംഘാടകരായ ഫ്രണ്ട്സ് ആൻഡ് ഫോസ് കൂട്ടായ്മയുടെ ഉപഹാരം സമർപ്പിച്ചു. മുൻ എം.പി പന്ന്യൻ രവീന്ദ്രൻ, ഡോ.എം.വി. പിള്ള, ബിജുപ്രഭാകർ, ഇന്ദ്രൻസ്, മണിയൻ പിള്ള രാജു, എം. ജയചന്ദ്രൻ, അഡ്വ. ശങ്കരൻ കുട്ടി, ഡോ. ഭീമാ ഗോവിന്ദൻ എന്നിവർ സംസാരിച്ചു.സംഘാടക സമിതി ചെയർമാൻ ജി. സുരേഷ് കുമാർ സ്വാഗതവും സെക്രട്ടറി ജ്യോതി കുമാർ ചാമക്കാല നന്ദിയും പറഞ്ഞു.

