കശുവണ്ടി മേഖലയിലെ പ്രതിസന്ധി; തൊഴിലാളികൾക്ക് ഇത് പട്ടിണി ഓണം
text_fieldsആറ്റിങ്ങൽ: കശുവണ്ടി തൊഴിൽ മേഖലയിലെ പ്രതിസന്ധിയെ തുടർന്ന് അര ലക്ഷത്തിലധികം തൊഴിലാളികൾക്ക് ഇത് പട്ടിണി ഓണം. കശുവണ്ടി വ്യവസായ രംഗത്ത് വർഷങ്ങളായി തുടരുന്ന വിവിധങ്ങളായ പ്രതിസന്ധികളിൽ പെട്ട് ഫാക്ടറികൾ ഭൂരിഭാഗവും പൂട്ടിക്കിടക്കുകയാണ്. ഇവിടെ തൊഴിലെടുത്ത് ഉപജീവനം കണ്ടെത്തിയിരുന്ന തൊഴിലാളികളാണ് നിലവിൽ പ്രതിസന്ധി നേരിടുന്നത്.
94 കശുവണ്ടി ഫാക്ടറികൾ ആണ് ജില്ലയിൽ അടഞ്ഞു കിടക്കുന്നത്. ഇതിൽ 91 ഉം സ്വകാര്യ മേഖലയിലാണ്. ഇപ്പോൾ പ്രവർത്തിക്കുന്ന ഒരു കമ്പനി നാവായിക്കുളം ഇരുപത്തിയെട്ടം മൈലിലെ കാപ്പക്സ് മാത്രമാണ്. അതും വല്ലപ്പോഴും പ്രവർത്തിക്കുകയും കൂടുതൽ സമയം അടഞ്ഞു കിടക്കുകയും ആണ്.
കേന്ദ്ര സർക്കാർ 2015 ഫെബ്രുവരിയിൽ തോട്ടണ്ടിക്ക് 16 ശതമാനം ഇറക്കുമതി ചുങ്കം കൂട്ടിയതും ഇതിനു പിന്നാലെ സംസ്ഥാന സർക്കാരിന്റെ കൂലി വർധനവിലെ പിഴവും തോട്ടണ്ടിയുടെ ലഭ്യതക്കുറവും ഉയർന്ന ഉൽപാദന ചിലവും കശുവണ്ടി മേഖലയിലെ പ്രതിസന്ധിക്ക് കാരണങ്ങളായി. ഈ പ്രശ്നങ്ങൾ താങ്ങാൻ കഴിയില്ല എന്ന കാരണം പറഞ്ഞാണ് ഫാക്ടറികൾ അടച്ച് പൂട്ടാൻ തുടങ്ങിയത്. ആറുവർഷമായി അടഞ്ഞ് കിടക്കുന്ന ഫാക്ടറികളും ഉണ്ട്.
പ്രവർത്തിച്ചിരുന്നവയിൽ പല ഫാക്ടറികളും തൊഴിലാളികളുടെ കൂലിയിലും ആനുകൂല്യങ്ങളും കുറവ് വരുത്താൻ തൊഴിൽ ദിനങ്ങൾ കുറിച്ചിരുന്നു. കോവിഡ് വ്യാപിച്ചതോടെയാണ് ഈ തൊഴിൽ മേഖല പൂർണമായും പൂട്ടപ്പെടുന്നത്. തൊഴിലും ആനുകൂല്യങ്ങളും നഷ്ടപ്പെട്ട് തൊഴിലാളികളുടെ ജീവിതം ദുരിത പൂർണമാണ്. 60,000ത്തോളം പേരാണ് ജില്ലയിലെ 94 ഓളം ഫാക്ടറികളിലായി പണിയെടുത്തിരുന്നത്. മറ്റ് ജോലികൾ വശമില്ലാത്തതിനാൽ ഫാക്ടറികൾ തുറന്ന് പ്രവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ ഇപ്പോഴും. എന്നാൽ കാത്തിരിപ്പ് നീളുന്നത് കാരണം ചിലർ തൊഴിലുറപ്പ് ജോലികൾക്കും മറ്റും പോയി തുടങ്ങി.
ജില്ലയിലെ ഫാക്ടറി ഉടമകളിൽ പലരും തമിഴ്നാട്, ആന്ധ്ര, കർണാടക, എന്നിവിടങ്ങളിൽ ഫാക്ടറികൾ നടത്തുന്നുണ്ട്. കുറഞ്ഞ ചെലവിൽ ഫാക്ടറിയിൽ പ്രവർത്തിപ്പിക്കാം എന്നതാണ് അന്യസംസ്ഥാനങ്ങളിലെ ഗ്രാമീണ മേഖലയിലേക്ക് ഫാക്ടറി ഉടമകളെ ആകർഷിക്കുന്നത്. നാട്ടിൽ ഫാക്ടറികൾ പൂട്ടിപ്പോയതിനാൽ തൊഴിലാളികൾക്കും ജീവനക്കാർക്കും ഇ.സ്.ഐ. ഉൽപ്പെടെയുള്ള ആനുകൂല്യങ്ങളെന്നും ലഭിക്കുന്നില്ല.
ശ്വാസംമുട്ടൽ, ക്യാൻസർ, സന്ധിവേദന തുടങ്ങിയ രോഗങ്ങളാൽ വലയുന്ന തെഴിലാളികളുംണ്ട്. ചികിത്സയ്ക്കു പോലും പണമില്ലാത്ത അവസ്ഥയിലാണ്. നിയമപ്രകാരം ഫാക്ടറികൾ പൂട്ടുമ്പോൾ കിട്ടേണ്ട വിരമിക്കൽ ആനുകൂല്യങ്ങളും ലഭിച്ചിട്ടില്ല.
കേരളത്തിന്റെ സാമ്പത്തികരംഗത്ത് ഉണർവും തൊഴിലാളികൾക്ക് സ്ഥിര വരുമാനവും നൽകിയ കശുവണ്ടി മേഖല ദുരിതത്തിന്റെ വക്കിലാണന്നും ഇതിനെ തളർത്താതെ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഉടൻ ഇടപെടണമെന്നും ഈ ഓണത്തിനു സൗജന്യ റേഷനും സാമ്പത്തിക സഹായവും അനുവദിക്കണമെന്നും ഈ മേഖലയിലെ തൊഴിലാളിയും എ.ഐ.ടി.യു.സി കേന്ദ്ര കമ്മിറ്റി അംഗമായ മുല്ലനല്ലൂർ ശിവദാസൻ ആവിശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

