തിരുവനന്തപുരം ജില്ലയിൽ കശുമാവ് കൃഷി അപ്രത്യക്ഷമാകുന്നു
text_fieldsനെടുമങ്ങാട്: മുമ്പ് ഗ്രാമജീവിതത്തിന്‍റെ ഭാഗമായിരുന്ന കശുമാവ് കൃഷി ജില്ലയിൽ അപ്രത്യക്ഷമാകുന്നു. നെടുമങ്ങാട്, ചിറയിൻകീഴ്, ആറ്റിങ്ങൽ, വർക്കല, തിരുവനന്തപുരം താലൂക്കുകളിലാണ് കശുമാവ് കൃഷി ഉണ്ടായിരുന്നത്. വൻകിട തോട്ടങ്ങളില്ലെങ്കിലും ജനം തങ്ങളുടെ കൃഷിയിടങ്ങളിൽ കശുമാവിന് മുന്തിയ പരിഗണന നൽകിയിരുന്നു. ഇതിനോടനുബന്ധിച്ച് നെടുമങ്ങാട്, ചിറയിൻകീഴ്, വർക്കല താലൂക്കുകളിൽ കശുവണ്ടി ഫാക്ടറികളും പ്രവർത്തിച്ചിരുന്നു.
പള്ളിപ്പുറത്താണ് കൂടുതൽ കശുമാവ് തോട്ടങ്ങളുണ്ടായിരുന്നത്. ഇവിടെ സി.ആർ.പി.എഫ് ക്യാമ്പ്, സൈനിക സ്കൂൾ, ടെക്‌നോസിറ്റി എന്നിവക്കൊക്കെ ഏറ്റെടുത്ത സ്ഥലങ്ങൾ കശുമാവ് തോട്ടങ്ങളായിരുന്നു. ജില്ലയിൽ 1980 ന് മുമ്പ് 4000 ടൺവരെ കശുവണ്ടി ഉൽപാദിപ്പിച്ചിരുന്നു. ഇന്ന് 1750 ടണിലേക്ക് ഉൽപാദനം കുറഞ്ഞു. കേരളത്തിൽ കശുവണ്ടി ഉൽപാദനം നിലവിൽ 85,000 ടൺ വരെയാണ്. മുമ്പ് ഇത് 35,000 ടൺ ആയിരുന്നു. മറ്റ് ജില്ലകളിൽ ഉൽപാദനം ഇരട്ടിച്ചപ്പോൾ തിരുവനന്തപുരത്ത് പകുതിയിൽ താഴെയായി കുറഞ്ഞു. റബർ കൃഷി വ്യാപകമായതാണ് ജില്ലയിൽ കശുമാവിന് തിരിച്ചടിയായത്. കശുമാവുകൾ വെട്ടിമാറ്റി കർഷകർ കൂടുതൽ ആദായം ലഭിക്കുന്ന റബർ നട്ടുപിടിപ്പിച്ചു.
കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസി (കെ.എസ്.സി.ഇ.ഡി.എ) കൃഷി പ്രോത്സാഹിപ്പിക്കാൻ നിരവധി പ്രവർത്തനങ്ങൾ നടപ്പാക്കുന്നുണ്ടെങ്കിലും ജില്ലയിൽ വേണ്ടത്ര പ്രയോജനപ്പെടുന്നില്ല. കശുമാവ് തോട്ടം നിർമിക്കാൻ കുറഞ്ഞത് രണ്ട് ഹെക്ടറിൽ കൃഷി ചെയ്യുന്നവർക്ക് തൈകൾ സൗജന്യമായി നൽകുന്നതിനോടൊപ്പം നിലം ഒരുക്കുന്നതിന് ഹെക്ടർ ഒന്നിന് 13,000 രൂപ സർക്കാർ ഫണ്ടും നൽകുന്നുണ്ട്. കുടുംബശ്രീ അംഗങ്ങൾ, കശുവണ്ടിത്തൊഴിലാളികൾ, സ്കൂൾ-കോളജ് വിദ്യാർഥികൾ, റസിഡൻസ് അസോസിയേഷനുകൾ, കാർഷിക ക്ലബുകൾ എന്നിവക്കായി മുറ്റത്തൊരു കശുമാവ് പദ്ധതിയും നടപ്പാക്കി. മറ്റ് ജില്ലകളിൽ ഇത്തരം പദ്ധതികൾ വിജയകരമായി നടപ്പാക്കി.
ജില്ലയിൽ സാമൂഹിക വനവത്കരണത്തിന്‍റെ ഭാഗമായി നട്ടുവളർത്തുന്ന അക്കേഷ്യ, യൂക്കാലിപ്റ്റസ് മരങ്ങൾക്കുപകരം കശുമാവ് നടണമെന്ന നിർദേശവും പാലിക്കപ്പെട്ടില്ല.
2020 മുതൽ കശുവണ്ടിയുടെ വില 100 രൂപയിൽ താഴെയാണ്. 2021ൽ 75-80 രൂപയായിവരെ വില താണു. തോട്ടണ്ടി ഇറക്കുമതിയാണ് വിലകുറയാൻ കാരണം. ഇക്കൊല്ലം ഫെബ്രുവരി കഴിഞ്ഞിട്ടും കശുവണ്ടി വിളവെടുപ്പിന് പാകമായില്ല. തുലാമഴ നീണ്ടതുകാരണം പൂവിടാൻ വൈകിയതാണ് വിളവെടുപ്പും നീളാൻ കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

