എം.എൽ.എയെ തടഞ്ഞു, ഉദ്ഘാടനം തടസപ്പെടുത്തി; ബി.ജെ.പി കൗൺസിലർക്കെതിരെ കേസ്
text_fieldsവട്ടിയൂർക്കാവ്: പാപ്പാട് മഹിളാമന്ദിരം ഉദ്ഘാടന പരിപാടി തടസപ്പെടുത്തുകയും എം.എൽ.എ വി.കെ പ്രശാന്തിനെ തടയുകയും ചെയ്തെന്ന പരാതിയിൽ ബി.ജെ.പിക്കാരനായ വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതനെതിരെ പൊലീസ് കേസെടുത്തു. ഉദ്ഘാടന പരിപാടിയുടെ ഒരുക്കങ്ങൾ തടയുകയും മഹിളാമന്ദിരം പുതിയ താഴിട്ട് പൂട്ടുകയും ചെയ്തെന്ന് കാട്ടി ബി.ജെ.പി കൗൺസിലർമാരായ ആർ. സുഗതൻ, വിഷ്ണുമോഹൻ, നന്ദഭാർഗവൻ എന്നിവർക്കെതിരെ വി.കെ. പ്രശാന്ത് നൽകിയ പരാതിയിലാണ് വട്ടിയൂർക്കാവ് പൊലീസിന്റെ നടപടി.
വട്ടിയൂർക്കാവ് മണ്ഡലത്തിലെ വികസന പരിപാടികളിൽ നിന്ന് ജനശ്രദ്ധ തിരിക്കുന്നതിന് അനാവശ്യ സംഘർഷം സൃഷ്ടിക്കാനാണ് ബി.ജെ.പി ശ്രമമെന്ന് എം.എൽ.എ കുറ്റപ്പെടുത്തി.
വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ പാപ്പാട് സാമൂഹ്യനീതി വകുപ്പിന് കീഴിൽ പതിറ്റാണ്ടുകളായി പ്രവർത്തിച്ചുകൊണ്ടിരുന്ന മഹിളാ മന്ദിരത്തിന്റെ കെട്ടിടം ഉപയോഗശൂന്യമായിരുന്നു. 1990-’95 കാലഘട്ടത്തിൽ ഇതിന്റെ പ്രവർത്തനം പൂർണമായും നിലച്ചതാണ്. എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് രണ്ടു ഘട്ടങ്ങളിലായി മഹിളാമന്ദിരത്തിന്റെ നവീകരണത്തിന് 66.40 ലക്ഷം രൂപ അനുവദിച്ചിരുന്നു. മിനി കമ്യൂനിറ്റി ഹാൾ, ഗ്രീൻ റൂം, ഓഫീസ് റൂം, രണ്ട് കടമുറികൾ, ശുചിമുറികൾ എന്നിവയോടുകൂടിയാണ് മഹിളാമന്ദിരം പുനർ നിർമ്മിച്ചത്. മന്ത്രി വീണാ ജോർജ് കെട്ടിടം ഉദ്ഘാടനം ചെയ്യാനാണ് നിശ്ചയിച്ചിരുന്നത്.
ഇതിന്റെ മുന്നൊരുക്കങ്ങൾ നടക്കുന്ന സമയത്ത് വാഴോട്ടുകോണം കൗൺസിലർ സുഗതൻ സ്ഥലത്തെത്തി തൊഴിലാളികളെ ഭീഷണിപ്പെടുത്തി പുറത്താക്കിയ ശേഷം പുതിയ താഴിട്ട് കെട്ടിടം പൂട്ടിയെടുക്കുകയും എം.എൽ.എയെ തടയുകയും ചെയ്തെന്നാണ് ആരോപണം. ശേഷം കൗൺസിലർമാരായ വിഷ്ണു മോഹൻ, നന്ദഭാർഗവ് എന്നിവരെയും കൂട്ടാളികളെയും വിളിച്ചുവരുത്തി സംഘർഷം സൃഷ്ടിച്ചെന്നും എം.എൽ.എയുടെ പരാതിയിൽ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

