ഹോംസ്റ്റേ തട്ടിപ്പിൽ കുടുങ്ങി കാൻസർ രോഗി: നഷ്ടമായത് അഞ്ചുലക്ഷം
text_fieldsതട്ടിപ്പിനിരയായ നസീറ ബീവിയും മകളും സംഭവം വിവരിക്കുന്നതിനിടെ വിതുമ്പിയപ്പോൾ
തിരുവനന്തപുരം: 'ഇനി എത്രനാളാണ് ഞാനുണ്ടാവുന്നതെന്ന് അറിയില്ല. ആകെയുള്ള പണമാണ് നൽകിയത്. കേസിന് പോകാനൊന്നും നിവൃത്തിയില്ല. കൊടുത്ത പണം തിരികെ കിട്ടിയാൽ മതി...'- 60കാരിയായ നെടുമങ്ങാട് ആനാട് പച്ചമല സ്വദേശിനിയും കാൻസർ രോഗിയുമായ നസീറ ബീവിയുടെ വാക്കുകൾ പലപ്പോഴും കണ്ണീരിനാൽ മുറിഞ്ഞു. ആ വാക്കുകൾ കൂട്ടിച്ചേർത്തത് മകൾ നെവിൻ സുൽത്താനയാണ്. 'രോഗിയായ അമ്മയെ ഈ അവസ്ഥയിൽ വിട്ടിട്ട് പോകാനാവില്ല. പകൽ നല്ല ധൈര്യത്തിൽ നിൽക്കുമെങ്കിലും വൈകിട്ടാകുമ്പോൾ ആൾക്ക് ഭയമാണെ'ന്നും ഡിഗ്രി റാങ്ക് ജേതാവായ നെവിൻ പറയുമ്പോഴും നസീറ ബീവിയുടെ കണ്ണുനീർ തോർന്നില്ല.
ഉപജീവനമാർഗമായ ഹോംസ്റ്റേ നടത്തിപ്പിനായാണ് നസീറ ബീവി ഗാന്ധാരി അമ്മൻ കോവിലിന് സമീപത്തെ കെട്ടിടത്തിന് ജൂലൈ 10ന് അഞ്ചുലക്ഷം രൂപയുടെ അഡ്വാൻസ് കെട്ടിട ഉടമക്ക് നൽകിയത്. ആറുനില കെട്ടിടത്തിന്റെ നാലാമത്തെ നിലയിലെ ഒമ്പത് മുറികളാണ് നസീറ ബീവി പ്രതിമാസം 75000 രൂപ വാടകയെന്ന നിഗമനത്തിൽ അഡ്വാൻസ് നൽകി കരാർ എഴുതിയത്. കെട്ടിടം സന്ദർശിച്ചപ്പോൾ ടോയ്ലറ്റിന്റെയടക്കം പണി അവശേഷിക്കുകയായിരുന്നു. ഉടൻ പണി തീർക്കാമെന്ന് നസീറയെ ഉടമ വിശ്വസിപ്പിച്ചെങ്കിലും ഒരുമാസം കഴിഞ്ഞിട്ടും ഒന്നും നടന്നില്ല.
അഡ്വാൻസ് തിരികെ ആവശ്യപ്പെട്ടതോടെ ഫോണെടുക്കാതെയായി. കൃത്യമായി പണി പൂർത്തിയാക്കാനോ വെള്ളത്തിനും വൈദ്യുതിക്കും യഥാസമയം പണമടക്കാനോ കെട്ടിട ഉടമ തയാറായില്ലെന്ന് നസീറ ബീവിയും മകളും ആരോപിക്കുന്നു. വർഷങ്ങൾക്കു മുമ്പ് ഭർത്താവുമായി വേർപിരിഞ്ഞ നസീറ, 12 വർഷമായി മെഡിക്കൽ കോളജിന് സമീപത്ത് ആർ.സി.സിയിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ആദംസ് എന്ന പേരിൽ ലോഡ്ജ് നടത്തുകയായിരുന്നു. ആ കെട്ടിടം വിൽക്കാൻ തീരുമാനിച്ചതോടെയാണ് നസീറ പുതിയ സ്ഥലത്തേക്ക് മാറാൻ തീരുമാനിച്ചത്.
പണി പൂർത്തിയാക്കി കൊടുക്കാതായതോടെ നസീറ തമ്പാനൂർ പൊലീസിൽ പരാതിപ്പെട്ടു. ഇതോടെ കറണ്ടും വെള്ളവുമൊക്കെ ഇല്ലാതായി. ലിഫ്റ്റും പൂട്ടി. സുഖമില്ലാത്ത നസീറ നാലാംനിലയിലേക്ക് നടന്നുകയറേണ്ട അവസ്ഥയാണ്. സിമന്റ് ചാക്കുകളിൽ നിന്നുള്ള പൊടിയടിച്ച് ശ്വാസംമുട്ടലുമുണ്ട്. ഡൽഹി എയിംസിൽ സോഷ്യൽവർക്കിൽ പി.എച്ച്.ഡി വിദ്യാർഥിയായ മകൾ നെവിന്റെ വിവാഹം ഓഗസ്റ്റ് 10നായിരുന്നു. വിവാഹത്തലേന്നും അവരുടെ കറണ്ട് കണക്ഷൻ കട്ട് ചെയ്തിരുന്നു.
ഗത്യന്തരമില്ലാതെയാണ് നസീറയും മകളും മന്ത്രി ശിവൻകുട്ടിയെ നേരിൽ കണ്ട് തങ്ങളുടെ അവസ്ഥ വിവരിച്ചത്. തുടർന്ന്, മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, ഐ.ബി. സതീഷ് എം.എൽ.എ. എന്നിവർ സംഭവസ്ഥലത്തെത്തി കാര്യങ്ങൾ നേരിട്ട് ചോദിച്ചറിഞ്ഞു. പണം തിരികെ ലഭിക്കാൻ എല്ലാസഹായങ്ങളും ചെയ്യാമെന്ന് വാഗ്ദാനം നൽകുകയും സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ പൊലീസിന് നിർദേശം നൽകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

