കൊല്ലം: ബുറെവി ചുഴലിക്കാറ്റിെൻറ പശ്ചാത്തലത്തിൽ ജില്ലയില്‍ സജ്ജമാക്കിയ സംവിധാനങ്ങൾ മുന്നറിയിപ്പ് പിൻവലിക്കുംവരെ തുടരുമെന്ന് കലക്ടർ അറിയിച്ചു. ജില്ലയില്‍ തുടങ്ങിയ കണ്‍ട്രോള്‍ റൂമുകള്‍ അതേപടി തുടരും. എന്‍.ഡി.ആര്‍.എഫ് സംഘം ജില്ലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ദുരന്തനിവാരണത്തിന് ചുമതലപ്പെട്ട എല്ലാ വകുപ്പുകളും ജാഗ്രത തുടരും. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് പിന്‍വലിക്കുന്നതുവരെ ജില്ലയില്‍ നിതാന്ത ജാഗ്രത പുലര്‍ത്തുമെന്ന് കലക്ടര്‍ അറിയിച്ചു.
ജില്ലയില്‍ ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ക്യാമ്പുകള്‍ സജ്ജമാക്കാന്‍ സംവിധാനം ഒരുക്കിയെങ്കിലും തുടങ്ങേണ്ട സാഹചര്യമുണ്ടായിട്ടില്ല. വിവിധ വകുപ്പുകള്‍ കൈക്കൊണ്ട നടപടികള്‍ ദുരന്ത നിവാരണ അതോറിറ്റി യോഗം വിലയിരുത്തി. 2391പേരെ മാറ്റിപ്പാർപ്പിക്കാനുള്ള സംവിധാനങ്ങളാണ് ജില്ലയിൽ ഒരുക്കിയിരുന്നത്. ഇതിനായി 358 കേന്ദ്രങ്ങൾ ഒരുക്കിയിരുന്നു. ജില്ലയിലുടനീളം കാലാവസ്ഥ ശാന്തമായിരുന്നു. അങ്ങിങ്ങ് ചെറിയ തോതിൽ മഴ പെയ്തതൊഴിച്ചാൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായില്ല. തീരമേഖലയിലും മലയോര മേഖലയിലും എൻ.ഡി.ആർ.എഫ് സംഘം ക്യാമ്പ് െചയ്തിരുന്നു. പലയിടങ്ങളിലും ബോധവത്കരണവും നടത്തി. മത്സ്യബന്ധന യാനങ്ങളും ബോട്ടുകളും ഇനിയും കടലിൽ ഇറങ്ങിയിട്ടില്ല. ചുഴലിക്കാറ്റ് ഭീതി ഒഴിയുന്നെന്ന വാർത്ത തീരദേശത്തിലും ആശ്വാസമായി. രണ്ടു ദിവസത്തിനകം മത്സ്യബന്ധനത്തിന് അനുമതി ലഭിക്കുമെന്ന പ്രതീക്ഷയാണ് തീരമേഖലയിൽ. നവംബർ 30നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയത്. ഇതിനെത്തുടർന്ന് മത്സ്യബന്ധനവും നിരോധിച്ചിരുന്നു.