കൈക്കൂലി കേസ്; പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫിസർ അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: കൈക്കൂലി കേസിൽ പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ എൽ. സുധീഷ് കുമാറിനെ പൊലീസ് വിജിലൻസ് വിഭാഗം അറസ്റ്റ് ചെയ്തു. 2023 ൽ സുധീഷ്‌കുമാർ പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഓഫിസറായിരിക്കുമ്പോൾ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. ചോദ്യം ചെയ്യലിനായി പൂജപ്പുര വിജിലൻസ് ഓഫീസിൽ വിളിച്ച് വരുത്തിയ ശേഷമായിരുന്നു അറസ്റ്റ്. ഇദ്ദേഹത്തിനെതിരെ അനധികൃത സ്വത്ത് സമ്പാദന കേസിലും വിജിലൻസ് അന്വേഷണം നടന്നുവരികയാണ്.
ഇരുതല മൂരിയെ കടത്തിയ കേസിൽ തമിഴ്‌നാട് സ്വദേശികളായ പ്രതികളെ രക്ഷിക്കാൻ 1.5 ലക്ഷത്തോളം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിലാണ് അറസ്റ്റ്. പ്രതിപട്ടികയിൽ ഉണ്ടായിരുന്ന മൂന്നുപേരും വന്ന വാഹനത്തിൽ വാഹന ഉടമയെ ഒഴിവാക്കാൻ ഒരുലക്ഷം രൂപ വാങ്ങി. തുടർന്ന് പ്രതികളെ സഹായിക്കാനെന്ന പേരിൽ ഒരാളുടെ സഹോദരിയുടെ പക്കൽ നിന്നും 4,5000 രൂപ ഗൂഗിൾപേ വഴിയും വാങ്ങിയെന്നാണ് പരാതി. ഇതോടെ വാഹന ഉടമ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടില്ല. ഇതിന്റെ ഭാഗമായി സസ്‌പെൻഷൻ നടപടി നേരിട്ടെങ്കിലും കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് വാങ്ങി തിരിച്ച് പരുത്തിപ്പള്ളിക്ക് തൊട്ടടുത്ത പ്രധാന റേഞ്ചായ പാലോടുതന്നെ നിയമനം നേടി.
ഇതിൽ വനം വകുപ്പിനെതിരേ വലിയ ആരോപണം ഉയർന്നിരുന്നു. കൂടാതെ വനവകുപ്പിന്റെ വിജിലൻസ് വിഭാഗം രജിസ്റ്റർചെയ്ത കേസുകളിലും ഇദ്ദേഹത്തിനെതിരെ അനേഷണം നടക്കുന്നുണ്ട്. പാലോട് റിട്ട. കോളജ് അധ്യാപകനെ മർദ്ദിച്ചെന്ന പരാതിയിലും ഇദ്ദേഹത്തിനെതിരെ അന്വേഷണം നടന്നുവരികയാണ്. വിജിലൻസ് കോടതി പ്രതിയെ റിമാന്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

