ബില്ലുകൾ അനധികൃതമായി തടഞ്ഞെന്ന് കരാറുകാരൻ
text_fieldsതിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് ബില്ലുകൾ അനധികൃതമായി തടഞ്ഞുവെച്ചിരിക്കുന്നതിനാൽ ജപ്തി ഭീഷണിയിലാണെന്ന പരാതിയുമായി കരാറുകാരൻ. പേരൂർക്കട ഗവ. ഹൈസ്കൂൾ, എൽ.പി. സ്കൂൾ, അഴൂർ ഹൈസ്കൂൾ എന്നിവയുടെ കെട്ടിടം നിർമിച്ചതിൽ 2.5 കോടി രൂപയോളം രൂപയുടെ ബില്ലുകൾ പൊതുമരാമത്ത് വകുപ്പിലെ അസിസ്റ്റന്റ് എൻജിനിയർ അനധികൃതമായി ഇടപെട്ട് തടഞ്ഞുവെച്ചിരിക്കുകയാണെന്ന് ആരോപിച്ചാണ് കരകുളം സ്വദേശി എം.ജെ അജിത് കുമാർ രംഗത്തെത്തിയിരിക്കുന്നത്.
കാനറ ബാങ്കിൽ നിന്ന് വായ്പയെടുത്ത അഞ്ചു കോടി രൂപ മുടക്കിയാണ് കെട്ടിടം നിർമിച്ചതെന്നും വായ്പ ഗഡു അടയ്ക്കാനാകാത്തതിനാൽ ബാങ്ക് ഓൺലൈൻ വില്പനക്ക് വെച്ചിരിക്കുകയാണെന്നും അജിത്ത്കുമാർ പറഞ്ഞു. വ്യക്തി വിരോധത്തിന്റെ പേരിലാണ് അസിസ്റ്റന്റ് എൻജിനിയർ ബില്ലുകൾ തടഞ്ഞുവെച്ചത്. 98 ശതമാനം പണി പൂർത്തീകരിച്ചിട്ടും യഥാസമയം പൂർത്തിയാക്കിയില്ലെന്ന് ആരോപിച്ച് 38 ലക്ഷം, 22 ലക്ഷം രൂപ വീതമാണ് പിഴയായി ഒടുക്കാൻ പറഞ്ഞത്. എസ്റ്റിമേറ്റിന്റെ ഒരു ശതമാനത്തിൽ താഴെ മാത്രം പിഴയായി ഈടാക്കണമെന്ന നിയമം നിലനിൽക്കെയാണ് ഈ പ്രതികാര നടപടിയെന്നും അജിത്ത് കുമാർ ആരോപിക്കുന്നു. പൊതുമരാമത്ത് മന്ത്രി അടിയന്തരമായി ഇടപെടണമെന്ന് ഓൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡന്റ് എ. മനാഫും സെക്രട്ടറി ജി. മോഹനകുമാറും വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.