തൊണ്ടി മുതലായ ബൈക്ക് കടത്തിക്കൊണ്ടുപോയ യുവാവ് പിടിയിൽ
text_fieldsമെർലിൻ രാജ്
വിഴിഞ്ഞം: പൊലീസിന് നാണക്കേട് സൃഷ്ടിച്ച് വിഴിഞ്ഞം സ്റ്റേഷന് മുന്നിൽ സൂക്ഷിച്ചിരുന്ന തൊണ്ടി മുതലായ ബൈക്ക് കടത്തിക്കൊണ്ടുപോയ തമിഴ്നാട്ടുകാരനായ യുവാവ് പിടിയിലായി. തക്കല സ്വദേശി മെർലിൻ രാജിനെ കന്യാകുമാരി എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അറസ്റ്റ് ചെയ്തതെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു.
സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതൽ കടത്തിക്കൊണ്ട് പോയി രണ്ട് മാസമാകുന്നതിനിടയിലാണ് പ്രത്യേക ടീം പ്രതിയെ അറസ്റ്റ് ചെയ്തത്. ഇതു സംബന്ധിച്ച വിവരം തമിഴ്നാട് പൊലീസ് വിഴിഞ്ഞം പൊലീസിന് ചൊവ്വാഴ്ച വൈകുന്നേരമാണ് കൈമാറിയത്.
ജൂലൈ പന്ത്രണ്ടിലെ സംഭവം നടന്ന് മൂന്നാം നാൾ മെർലിന്റെ സഹോദരന്റെ ഭാര്യാ സഹോദരനും കൂട്ടുപ്രതിയുമായ കൽക്കുളം മരുതവിള മണലിയിൽ റെജിനെ (30) തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും മെർലിനെ പിടികൂടാനായിരുന്നില്ല.
വിവിധ ഇടങ്ങളിൽ ചുറ്റിനടന്ന് മോഷണം നടത്തുന്ന മെർലിനെ ഏറെനാളത്തെ പരിശ്രമത്തിനൊടുവിലാണ് പൊലീസ് പിടികൂടിയത്. ജൂലൈ പന്ത്രണ്ടിന് വൈകീട്ട് വിഴിഞ്ഞം സ്റ്റേഷൻ പരിധിയിലെ ഉച്ചക്കട പയറ്റുവിള റോഡിലൂടെ ആക്ടീവയിൽ പോയ യുവതിയുടെ മാല പിടിച്ചുപറിക്കാൻ മെർലിൻ നടത്തിയ ശ്രമം പരാജയപ്പെട്ടപ്പോൾ യുവതിയുടെ ബഹളം കേട്ട് നാട്ടുകാർ വരുന്നത് കണ്ട് തന്റെ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വഴിയിൽ ബൈക്ക് കേടായത് ഇയാൾക്ക് വിനയായി.
റോഡരികിൽ വാഹനം പൂട്ടിവെച്ചശേഷം മെർലിൻ ഓടിരക്ഷപ്പെട്ടു. പൊലീസെത്തി കസ്റ്റഡിയിലെടുത്ത ബൈക്ക് സ്റ്റേഷൻ മുറ്റത്ത് പാർക്ക് ചെയ്തു. എന്നാൽ, മണിക്കൂറുകൾക്കുള്ളിൽ തൊണ്ടിമുതലായ സ്വന്തം ബൈക്ക് കടത്തിക്കാണ്ട് പോകുകയായിരുന്നു. ഇതിനായി കൂട്ടുപ്രതിയായ റെജിനെ തമിഴ്നാട്ടിൽനിന്ന് രാത്രിയിൽ വിളിച്ചുവരുത്തിയ മെർലിൻ സ്റ്റേഷൻ പരിസരം വീക്ഷിച്ച് പുലർച്ച പാറാവുകാർ ഷിഫ്റ്റ് മാറുന്ന അഞ്ച് മണി കഴിഞ്ഞ് അഞ്ച് മിനിറ്റിനുള്ളിൽതന്നെ വാഹനം കടത്തി.
സ്റ്റേഷൻ മുറ്റത്തുനിന്ന് ഉരുട്ടി റോഡിൽ എത്തിച്ച ബൈക്ക് വയർ ഉപയോഗിച്ച് സ്റ്റാർട്ടാക്കി ഓടിച്ച് പോയി. നേരം പുലരുന്നതിനിടയിൽ സംഘം സംസ്ഥാനം വിട്ടു. തുടർന്ന് സി.സി.ടി.വി കാമറകൾ പരിശോധിച്ചാണ് ബൈക്ക് കടത്തിക്കൊണ്ട് പോയവരെ തിരിച്ചറിഞ്ഞത്. മോഷണശ്രമം, തൊണ്ടിമുതൽ കടത്തൽ എന്നിങ്ങനെ രണ്ട് കേസുകൾ മെർലിനെതിരെ വിഴിഞ്ഞം പൊലീസ് രജിസ്റ്റർ ചെയ്തു. പ്രതിയെ ചോദ്യം ചെയ്യാൻ കസ്റ്റഡി അപേക്ഷ നൽകുമെന്ന് വിഴിഞ്ഞം എസ്.ഐ വിനോദ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

