ബീമാപ്പള്ളി നഴ്സറി സ്കൂൾ തിങ്കളാഴ്ച തുറക്കണം
text_fieldsബീമാപ്പള്ളി നേഴ്സറി സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ജില്ല ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും സീനിയർ സിവിൽ ജഡ്ജുമായ എസ്.ഷംനാദിന്റെ അധ്യക്ഷതിൽ തിങ്കളാഴ്ച
സ്കൂളിൽ വിളിച്ചുചേർത്ത ഉന്നതലയോഗം
തിരുവനന്തപുരം : നവീകരണ പ്രവർത്തനങ്ങളുടെ മറവിൽ പിഞ്ചുകുട്ടികളുടെ വിദ്യാഭ്യാസം നിഷേധിച്ച് തിരുവനന്തപുരം കോർപറേഷൻ അടച്ചുപൂട്ടിയ ബീമാപ്പള്ളി നഴ്സറി സ്കൂൾ ഒരാഴ്ചക്കുള്ളിൽ തുറന്നുകൊടുക്കണമെന്ന് ജില്ല ലീഗൽ സർവീസ് അതോറിറ്റിയുടെ (ടി.ഡി.എൽ.എസ്.എ) ഉത്തരവ്. ‘മാധ്യമം’ വാർത്തയുടെ അടിസ്ഥാനത്തിൽ ജില്ല ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും സീനിയർ സിവിൽ ജഡ്ജുമായ എസ്.ഷംനാദിന്റെ അധ്യക്ഷതിൽ തിങ്കളാഴ്ച സ്കൂളിൽ വിളിച്ചുചേർത്ത ഉന്നതലയോഗത്തിലാണ് തീരുമാനം.
അതോറിറ്റിയുടെ ഉത്തരവുകളെ കാറ്റിൽപറത്തി സ്കൂൾ അടച്ചുപൂട്ടിയ കോർപറേഷന്റെ നടപടിയെ കടുത്ത ഭാഷയിലാണ് എസ്.ഷംനാദ് വിമർശിച്ചത്. കെട്ടിട നവീകരണത്തിന്റെ മറവിൽ കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാൻ ക്ലാസ് മുറിക്ക് പകരം മത്സ്യഭവന്റെ ഒന്നാം നില ആദ്യം നവീകരീക്കണമെന്നും പണി പൂർത്തിയായ ശേഷം ഇവിടേക്ക് കുട്ടികളെ മാറ്റിയശേഷം താഴത്തെ നിലയിലുള്ള ക്ലാസ് മുറി നവീകരിക്കണമെന്നുമെന്നുമായിരുന്നു ജില്ല ലീഗൽ സർവീസ് അതോറിറ്റി മാസങ്ങൾക്ക് മുമ്പ് കോർപറേഷനോട് നിർദേശിച്ചിരുന്നത്. എന്നാൽ ഉത്തരവ് കാറ്റിൽപറത്തി കുട്ടികളുടെ പഠനം അവസാനിപ്പിച്ച കോർപറേഷൻ, ടീച്ചറെ സസ്പെൻഡ് ചെയ്തും ആയമായ സ്ഥലംമാറ്റിയും സ്കൂൾ അടച്ചുപൂട്ടുകയായിരുന്നു.
മത്സ്യഭവന്റെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്കൂളിൽ മതിയായ സൗകര്യമില്ലാത്തതിനാൽ കുട്ടികളെ ബീമാപ്പള്ളി അർബർ പ്രൈമറി ഹെൽത്ത് സെന്റർ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന അക്ഷയ കേന്ദ്രത്തിലെ ഒന്നാം നിലയിലേക്ക് മാറ്റാൻ തീരുമാനിച്ചതായി കോർപറേഷൻ സെക്രട്ടറിവേണ്ടി ഹാജരായ ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. തുടർന്ന് കോർപറേഷൻ കണ്ടെത്തിയ ഈ കെട്ടിടവും എസ്.ഷംനാദും സംഘവും സന്ദർശിച്ചു. എന്നാൽ കെട്ടിടത്തിലെ കുടുസുമുറിയിൽ 30 ഓളം കുട്ടികളെ പഠിപ്പിക്കാനും അവർക്ക് വേണ്ട ഭക്ഷണം പാചകം ചെയ്യാൻ കഴിയില്ലെന്നും കുട്ടികളുടെ സുരക്ഷയെ മുൻ നിറുത്തി നിലവിലെ കെട്ടിടത്തിൽ തന്നെ കുട്ടികൾക്ക് വിദ്യാഭ്യാസ സൗകര്യമൊരുക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
സ്കൂൾ അധ്യാപിക സസ്പെൻഷനിലായതിനാൽ പകരം അധ്യാപികയെ ഉടൻ കണ്ടെത്താൻ പ്രയാസമാണെന്ന് കോർപറേഷന് വേണ്ടി ഹാജരായ ഉദ്യോഗസ്ഥർ അറിയിച്ചെങ്കിലും അതോറിറ്റി സെക്രട്ടറി വഴങ്ങിയില്ല. ഒരുമാസത്തേക്ക് താൽകാലിക അധ്യാപികയെ ജില്ല ലീഗൽ സർവീസ് അതോറിറ്റി നൽകുമെന്നും ഏപ്രിൽ മുതൽ കോർപറേഷൻ നിയമിക്കുന്ന അധ്യാപികയാകണം സ്കൂളിൽ വരേണ്ടതെന്നും ഷംനാദ് നിർദേശിച്ചു. അധ്യാപികക്ക് പുറമെ രണ്ട് ആയമാരെ സ്കൂളിലേക്ക് നിയമിച്ചുകൊണ്ട് ബുധനാഴ്ചക്കുള്ളിൽ ഉത്തരവിറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്കൂൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലെ മത്സ്യഭവന്റെ രണ്ട് ഓഫീസുകൾ അക്ഷയ കേന്ദ്രത്തിലേക്ക് മാറ്റുന്നത് സംബന്ധിച്ച് പരിശോധിക്കാൻ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറോട് നിർദേശിച്ചു. സ്കൂളിന് സമീപത്തെ ആകാശവാണിയുടെ കോമ്പൗണ്ടിലുള്ള മാലിന്യനിക്ഷേപത്തിന് പരിഹാരം കാണാൻ നൈറ്റ് പട്രോളിങ് കാര്യക്ഷമാക്കണമെന്ന് പൂന്തുറ എസ്.എച്ച്.ഒ എസ്. സജുവിനോട് നിർദേശിച്ചു. മാലിന്യ നിക്ഷേപകരെ പിടികൂടുന്നതിന് പ്രദേശത്ത് സി.സി.ടി.വി കാമറകൾ സ്ഥാപിക്കണമെന്നും കോർപറേഷനോട് ആവശ്യപ്പെട്ടു. യോഗത്തിൽ അഡീഷനൽ ജില്ല മജിസ്ട്രേറ്റ് ബീന പി ആനന്ദ്, ചൈൽഡ് വെൽഫെയർ കൗൺസിൽ ചെയർപേഴ്സൺ അഡ്വ. ഷാനിബ ബീഗം, ആകാശവാണി ഡെപ്യൂട്ടി ഡയറക്ടർ ഡോ. എ.ജി ബൈജു, കോർ അസി.എൻജിനീയർ സി.രഞ്ജിനി, ധന്യ, ബീമാപ്പള്ളി മുസ്ലീം ജമാ അത്ത് പ്രസിഡന്റ് എം.പി. അസീഫ്, പ്രൈമറി ഹെൽത്ത് ഇൻപെക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

