ജില്ലയിലെ ബാങ്കുകൾ 38690 കോടി രൂപ മുൻഗണന വായ്പ നൽകി
text_fieldsഇൻഡ്യൻ ഓവർസീസ് ബാങ്കിന്റെ നേതൃത്വത്തിൽ നടത്തിയ ജില്ലതല ബാങ്കിങ് അവലോകനസമിതി യോഗം ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം: വിദ്യാഭ്യാസവായ്പയുടെ വാർഷിക ലക്ഷ്യം നേടാൻ വായ്പ വിതരണത്തിൽ ബാങ്കുകൾ കൂടുതൽ ഉദാര സമീപനം സ്വീകരിക്കണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി. ഇൻഡ്യൻ ഓവർസീസ് ബാങ്കിന്റെ നേതൃത്വത്തിൽ നടത്തിയ ജില്ലതല ബാങ്കിങ് അവലോകനസമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജില്ല പഞ്ചായത്തിന്റെ പദ്ധതി നിർവഹണത്തിൽ ബാങ്കുകളുടെ സഹായം കൂടി ലഭ്യമാക്കണമെന്നും അവർ പറഞ്ഞു. കലക്ടർ അനുകുമാരി അധ്യക്ഷത വഹിച്ചു. 2025-26 സാമ്പത്തികവർഷത്തിൽ ജില്ലയിലെ ബാങ്കുകൾ 38690 കോടിരൂപ മുൻഗണന വായ്പ നൽകി. 114 ശതമാനം ലക്ഷ്യം കൈവരിച്ചു. 33945 കോടി രൂപയായിരുന്നു വാർഷിക ലക്ഷ്യം. കാർഷികമേഖലയിൽ 23348 കോടി രൂപയും എം.എസ്.എം.ഇ മേഖലയിൽ 12453 കോടി രൂപയുമാണ് വായ്പ നൽകിയത്.
ജില്ലയിലെ വായ്പ നിക്ഷേപാനുപാതം 75.7 ശതമാനമാണ്. 2026 മാർച്ച് 31 വരെ ജില്ലയിലെ ബാങ്കുകളിലെ നിക്ഷേപം 1,56,765 കോടി രൂപയും വായ്പ 1,18,672 കോടി രൂപയുമാണ്. 949 ബാങ്ക് ശാഖകളാണ് ജില്ലയിൽ ഉളളത്. റിസർവ് ബാങ്ക് ലീഡ് ഡിസ്ട്രിക്ട് ഓഫിസർ വി.എസ്. അഖിൽ, നബാർഡ് ജില്ല വികസന മാനേജർ അൽ നിഹാദ് മുഹമ്മദ്, ഐ.ഒ.ബി ഡെപ്യൂട്ടി ജനറൽ മാനേജർ പ്രഥുമൻ കുമാർ സിൻഹ, ലീഡ് ജില്ല മാനേജർ എസ്. ജയമോഹൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

