പ്രതിയെ പിടികൂടാനെത്തിയ പൊലീസുകാരെ മർദിച്ച കേസിൽ മൂന്നുപേർ പിടിയിൽ
text_fieldsബാലരാമപുരം: വധശ്രമക്കേസിലെ പ്രതിയെ പിടികൂടാനെത്തിയ പൊലീസുകാരെ മർദിച്ച കേസിൽ മൂന്നുപേർ പൊലീസ് പിടിയിൽ. തൈക്കാപള്ളി പ്ലാവിള പുത്തൻവീട്ടിൽ വിഘ്നേഷ് (23), എരുത്താവൂർ അനീഷ് ഭവനിൽ അരുൺ (25), ആലുവിള സൗമ്യഭവനിൽ അരുൺരാജ് (35) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം രാത്രി 11ഓടെ വധശ്രമക്കേസിലെ പ്രതി ആദർശ് മുടവൂർപ്പാറ ജങ്ഷനിലുണ്ടെന്ന വിവരം ലഭിച്ച് പൊലീസ് പ്രതിയെ പിടികൂടാനെത്തുകയായിരുന്നു. മുടവൂർപ്പാറക്ക് സമീപം തട്ടുകടയിൽ പ്രതിയായ ആദർശിനൊപ്പം സംസാരിച്ചിരിക്കവെ ആദർശിനെ പിടിക്കുമോയെന്ന് വെല്ലുവിളിച്ചായിരുന്നു സംഘം പൊലീസിനെ ആക്രമിച്ചത്.
ഇതിനിടെ ആദർശും കൂട്ടാളി അരുണും പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. സംഭവസ്ഥലത്ത് വെച്ചുതന്നെ വിഘ്നേഷ്, അരുൺരാജ് എന്നിവരെ കീഴ്പ്പെടുത്തി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസുകാരായ അരുൺ, അജിത്ത് എന്നിവരെയാണ് മർദിച്ചത്. കേസിലെ മൂന്നാം പ്രതി ഇട്ടു എന്ന അരുണിനെ തിങ്കളാഴ്ച കരമനക്ക് സമീപം എസ്.എച്ച്.ഒ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. യുവാക്കളെ കോടതി റിമാൻഡ് ചെയ്തു.