കച്ചേരിക്കുളത്തിൽ മാലിന്യം നിറയുന്നു
text_fieldsബാലരാമപുരം: കച്ചേരിക്കുളത്തിൽ മാലിന്യം നിറയുന്നത് പ്രദേശവാസികളെ ബുദ്ധിമുട്ടിലാക്കുന്നു. ഇരുകരകളും കൈയേറ്റം നടക്കുന്നതായും ആക്ഷേപമുണ്ട്. സമീപത്തെ സ്വകാര്യ കെട്ടിട ഉടമകൾ കുളത്തിൽ മാലിന്യമിട്ട് നികത്താനുള്ള ശ്രമം തുടരുമ്പോഴും നടപടി സ്വീകരിക്കാതെ അധികൃതർ മൗനം പാലിക്കുന്നു.
ബാലരാമപുരം പൊലീസ് സ്റ്റേഷന് സ്ഥലം അനുവദിച്ച സ്ഥലത്തിന് സമീപത്ത് കുളമായിരുന്ന സ്ഥലമാണ് മാലിന്യം കൊണ്ട് നിറയുന്നത്. മുമ്പ് ലക്ഷങ്ങൾ മുടക്കി കച്ചേരിക്കുളം സംരക്ഷിക്കുന്നതിന് നടപടി സ്വീകരിച്ചെങ്കിലും ഫലംകണ്ടില്ല. മലിനജലത്തിൽ കുളവാഴകൾ നിറഞ്ഞു. വെങ്ങാനൂർ ഏലായിലെ കൃഷിക്ക് കച്ചേരിക്കുളത്തിലെ വെള്ളമാണ് ഉപയോഗിച്ചിരുന്നത്. നാട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുളം സംരക്ഷിക്കണമെന്ന് ഓംബുഡ്സ്മാൻ 2009ൽ പഞ്ചായത്തിന് നിർദേശം നൽകിയിരുന്നു.
മൂന്ന് ലക്ഷം രൂപ മുടക്കി കുളം ശുചീകരണം നടത്തിയെന്ന് പറഞ്ഞശേഷവും പഞ്ചായത്ത് മാലിന്യം ഇട്ട് കുളം നികത്തി. കുളത്തിന്റെ പകുതി ഭാഗം പഞ്ചായത്ത് പാർക്കിങ് ഏരിയക്കായി കൂറ്റൻ മതിൽ കെട്ടി തിരിച്ചിരുന്നു. മതിൽ കെട്ടിയതിനുശേഷവും കുളത്തിൽ മാലിന്യം നിക്ഷേപിച്ചാണ് നികത്തിവരുന്നത്.