ബാലരാമപുരം എഫ്.എച്ച്.സിയിൽ കിടത്തിച്ചികിത്സ പുനരാരംഭിക്കാൻ നടപടി
text_fieldsബാലരാമപുരം: ബാലരാമപുരം ഫാമിലി ഹെൽത്ത് സെന്‍ററിൽ ഒരു വര്‍ഷത്തിലെറെയായി നിലച്ച കിടത്തിച്ചികിത്സ പുനരാരംഭിക്കാൻ നടപടി തുടങ്ങി. കാലപ്പഴക്കം കാരണം നശിച്ച കിടക്കകളും ബെഡ്ഷീറ്റും മാറ്റും. പഞ്ചായത്ത് കമ്മിറ്റി കിടത്തിച്ചികിത്സക്ക് രണ്ട് ലക്ഷം രൂപ അനുവദിച്ചതായി പ്രസിഡന്റ് മോഹനന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം 'മാധ്യമം' പ്രസിദ്ധീകരിച്ച വാര്‍ത്തയെതുടര്‍ന്നാണ് നടപടി.
കോവിഡ് വ്യാപനത്തോടെയാണ് സെന്ററില്‍ കിടത്തിച്ചികിത്സ ആരംഭിച്ചത്. ദിനവും 250 ലേറെ പേരാണ് ഒ.പിയില്‍ ചികിത്സതേടുന്നത്. കിടത്തിച്ചികിത്സ ആവശ്യമുള്ളവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു പതിവ്. രണ്ട് ബ്ലോക്കുകളിലായി പതിവഞ്ചിലേറെ കിടക്കകളുള്ള ആശുപത്രിയാണിത്. 24 മണിക്കൂര്‍ പ്രവര്‍ത്തിച്ചിരുന്ന ആശുപത്രിയില്‍ രാത്രി നിരവധി പേരാണ് ചികിത്സ തേടിയിരുന്നത്.
ഫാര്‍മസിസ്റ്റിന്റെ കുറവാണ് കിടത്തിച്ചികിത്സ പുനരാരംഭിക്കാന്‍ തടസ്സമെന്ന് അധികൃതർ പറയുന്നു. മൂന്ന് ഫാര്‍മിസിസ്റ്റുമാരില്‍ ഒരാള്‍ സ്ഥലംമാറിയിരുന്നു.
ഈ ഒഴിവിൽ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ആരോഗ്യവകുപ്പിനെ സമീപിച്ചു. രണ്ടാഴ്ചക്കുള്ളില്‍ കിടത്തിച്ചികിത്സ പുനരാരംഭിക്കാനാകുമെന്നും പഞ്ചായത്ത് പ്രസിഡന്റ് വി. മോഹനന്‍ അറിയിച്ചു.