അമ്മയുടെ മരണം അറിഞ്ഞില്ല; ഫോൺവിളിയും പ്രതീക്ഷിച്ച് പിഞ്ചുമക്കൾ
text_fieldsബാലരാമപുരം: സൗദിയിൽ അപകടത്തിൽ മരണപ്പെട്ട അവണാകുഴി, താന്നിമൂട്, ഹരേ രാമ ഹൗസിൽ അശ്വതി വിജയെൻറ മരണവിവരമറിയാതെ മക്കൾ. എല്ലാ ദിവസവും ഡ്യൂട്ടി കഴിഞ്ഞെത്തിയാൽ മക്കളെ വിളിച്ച് വിവരങ്ങൾ അന്വേഷിച്ച ശേഷമേ അശ്വതി കിടക്കാറുള്ളൂ. രണ്ടു ദിവസമായി അമ്മയുടെ വിളിയും കാത്തിരിക്കുകയാണ് മക്കളായ ആറുവയസ്സുകാരി ദിക്ഷയും നാലുവയസ്സുകാരൻ ദയാലും.
മരണ വിവരമറിഞ്ഞ് വീട്ടിലെത്തുന്നവരെ കണ്ട് അമ്മയെ കുറിച്ച് അന്വേഷിക്കുമെങ്കിലും മരണവിവരമറിയിക്കാതെ കുഴങ്ങുകയാണ് ബന്ധുക്കളും. തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സിങ് പഠനം കഴിഞ്ഞ ശേഷം തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും നഴ്സായി ജോലി നോക്കിയിരുന്നു. രണ്ടു വർഷത്തിലെറെയായി സൗദിയിലെ നജ്റാനിലെ കിങ് ഖാലിദ് സർക്കാർ ആശുപത്രിയിൽ ജോലി നോക്കിവരുകയായിരുന്നു.
മൂന്നുമാസം മുമ്പ് നാട്ടിലെത്തി മടങ്ങിയിരുന്നു. അടുത്ത വരവിന് കുട്ടികൾ ആവശ്യപ്പെടുന്ന കളിക്കോപ്പുകളും വാങ്ങി വരുമെന്നും മക്കളെ വിളിക്കുമ്പോൾ അശ്വതി പറഞ്ഞിരുന്നു. മക്കളെ ജീവന് തുല്യം സ്നേഹിച്ചിരുന്ന അശ്വതി മക്കളെ വിളിക്കാത്ത ദിവസങ്ങളും ചുരുക്കമാണ്. അമ്മക്ക് അപകടം പറ്റിയെന്ന് മാത്രമാണ് കുട്ടികൾ അമ്മയെ കുറിച്ച് അന്വേഷിക്കുമ്പോൾ പറയുന്നത്. നാട്ടിലെത്തിക്കുന്നതിനുവേണ്ടിയുള്ള നടപടികളും സ്വീകരിച്ചുവരുന്നു.

