ആറ്റുകാല്‍ പൊങ്കാല മഹോത്സവം; വന്‍ ഭക്തജനത്തിരക്ക്
text_fieldsതിരുവനന്തപുരം: സ്ത്രീകളുടെ ശബരിമലയെന്ന് അറിയപ്പെടുന്ന ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന്റെ നാലാം ദിവസമായ ശനിയാഴ്ച വന്‍ ഭക്തജനത്തിരക്ക്. രണ്ടാംശനി അവധി ദിനമായതിനാലാണ് പുലര്‍ച്ചെ മുതല്‍ ദര്‍ശനത്തിനായി ഭക്തരുടെ വന്‍നിര രൂപപ്പെട്ടത്. തിരക്ക് നിയന്ത്രിക്കാനും സുഖദര്ശനത്തിനുമായി വന്‍ ക്രമീകരണങ്ങളാണ് ക്ഷേത്രഭരണ സമിതി ഏര്‍പ്പെടുത്തിയത്.
കഴിഞ്ഞ ദിവസം കുത്തിയോട്ട വ്രതം ആരംഭിച്ച 592 ബാലന്മാരും നമസ്കാരം അടക്കമുള്ള വ്രതാനുഷ്ഠാനുങ്ങള് നടത്തുകയാണ്. കുത്തിയോട്ട വ്രതം തുടങ്ങിയാല്‍ തുടര്‍ന്നുള്ള ഏഴുദിവസങ്ങളിലായി 1008 നമസ്കാരം പൂര്‍ത്തിയാക്കണമെന്നാണ് ആചാരം. കുത്തിയോട്ട കുട്ടികള്‍ക്കു മുന്നില്‍ വിവിധ പാരമ്പര്യ കലാരൂപങ്ങളുടെ പ്രദര്‍ശനവും നടത്തി. തോറ്റംപാട്ടില്‍ ദരിദ്രനായി തീര്‍ന്ന കോവലന് നിത്യവൃത്തിക്ക് വഴിയില്ലാതെ ക്ലേശിക്കുന്നതും ദേവിയുടെ നിര്‍ബന്ധത്തിന് വഴങ്ങി ചിലമ്പ് വില്‍ക്കാനായി കൊണ്ടു പോകുന്നതുമായ ഭാഗമാണ് ഇന്നലെ അവതരിപ്പിച്ചത്.
ഇന്ന് ദേവിയുടെ ചിലമ്പുമായി പോകുന്ന കോവലനെ മധുരാനഗരിയിലെ സ്വര്ണപ്പണിക്കാരന് താന്‍ ചെയ്ത കുറ്റം മറച്ചുവെക്കാനായി രാജ്ഞിയുടെ ചിലമ്പ് മോഷ്ടിച്ചെന്ന് മുദ്രകുത്തി പാണ്ഡ്യരാജാവിന്റെ സദസില്‍ എത്തിക്കുന്ന ഭാഗമാണ് അവതരിപ്പിക്കുക. ക്ഷേത്രമേല്‍ശാന്തി വി. മുരളീധരന് നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തിലായിരുന്നു പൂജകള്‍ നടക്കുന്നത്. അംബ, അംബിക, അംബാലിക ഓഡിറ്റോറിയങ്ങളിലായി വിവിധ കലാപരിപാടികളും നടക്കും. ഒമ്പതാം ഉത്സവദിവസമായ 13നാണ് ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല. രാവിലെ 10.15നാണ് അടുപ്പുവെട്ട്. ഉച്ചകഴിഞ്ഞ് 1.15ന് പൊങ്കാല നിവേദ്യം നടക്കും.
മണക്കാട് ശാസ്താവിന്റെ എഴുന്നള്ളത്ത് ഇന്ന്
തിരുവനന്തപുരം: മണക്കാട് ശാസ്ത ക്ഷേത്രത്തില്‍ നിന്ന് ആറ്റുകാലിലേക്കുള്ള എഴുന്നള്ളത്ത് ഞായറാഴ്ച നടക്കും. മണക്കാട് ശാസ്താക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഉത്സവത്തിന് കൊടിയേറി. ആറ്റുകാലമ്മയുടെ സഹോദരനെന്ന് വിശേഷണമുള്ള മണക്കാട് ശാസ്താവിന്റെ ആചാരപരമായ എഴുന്നള്ളത്തിനെ ക്ഷേത്രവും ഭക്തരും വരവേല്‍ക്കും. നടന് ജയറാമും 101 കലാകാരന്മാരും ചേര്‍ന്ന് അവതരിപ്പിക്കുന്ന പഞ്ചാരിമേളം ഞായറാഴ്ച വൈകീട്ട് ആറിന് ക്ഷേത്രത്തിന് മുന്നില്‍ അരങ്ങേറും.
ഞായറാഴ്ച വൈകീട്ട് എഴുന്നള്ളത്ത് പുറപ്പെടും. ഈ സമയം ആറ്റുകാല്‍ ക്ഷേത്രനട അടച്ചിരിക്കും. മുന്നിലെത്തുന്ന ശാസ്താവിന്റെ എഴുന്നള്ളത്തിന് ക്ഷേത്രം ഭാരവാഹികള്‍ തട്ടപൂജ നടത്തും. തുടര്‍ന്ന് ക്ഷേത്രത്തിന് പിന്നിലൂടെ എഴുന്നള്ളത്ത് കൊഞ്ചിറവിള ഭഗവതിക്ഷേത്രത്തിലേക്ക് പോകും. ആറ്റുകാലുമായി ബന്ധപ്പെട്ട മറ്റ് ക്ഷേത്രങ്ങളിലേക്കും എഴുന്നള്ളത്ത് കടന്നുപോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

