ആറ്റുകാൽ പൊങ്കാല: ഒരുക്കങ്ങൾ വിലയിരുത്തി
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ഫെബ്രുവരി 23 മുതൽ മാർച്ച് നാലു വരെ നടക്കുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താനായി അവലോകന യോഗം ചേർന്നു. ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റ് ഹാളിൽ ചേർന്ന യോഗത്തിൽ മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. പൊങ്കാലയോടനുബന്ധിച്ച എല്ലാ പ്രവൃത്തികളും ഫെബ്രുവരി 20ന് മുമ്പ് പൂർത്തീകരിക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണി പൂർത്തീകരിക്കണമെന്നും ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം നിർദേശം നൽകി. പൊലീസ് അഞ്ച് അഡീഷണൽ വാച്ച് ടവറുകളും എട്ട് സ്ഥലങ്ങളിൽ 13 മെഗാഫോണുകളും ഏർപ്പെടുത്തും. 76 സി.സി.ടി.വി കാമറകൾ അധികമായി ക്രമീകരിക്കും. തിരക്ക് നിയന്ത്രിക്കാൻ ക്ഷേത്രത്തിന് ചുറ്റുമുള്ള 14 സ്ഥലങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിക്കും.
ഫെബ്രുവരി 23 മുതൽ മാർച്ച് മൂന്ന് വരെ രാവിലെ ഏഴ് മുതൽ രാത്രി 10 വരെ മെഡിക്കൽ ടീമിന്റെ സേവനവുമുണ്ടാകും. പൊങ്കാല ദിവസം ഒരു മെഡിക്കൽ ടീമിനെ കൂടി സജ്ജമാക്കും. കുത്തിയോട്ടത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ശിശുരോഗവിദഗ്ധൻ ഉൾപ്പെടെയുള്ളവരുടെ സേവനം ഉറപ്പാക്കും. പൊങ്കാല ദിവസം പൊള്ളൽ ഏൽക്കുന്നതിന് സാധ്യതയുള്ളതിനാൽ സമീപത്തെ സർക്കാർ-സ്വകാര്യ ആശുപത്രികളിൽ സൗകര്യങ്ങൾ ഒരുക്കാൻ നിർദേശം നൽകിയതായി ഡി.എം.ഒ അറിയിച്ചു.
ശുചീകരണപ്രവർത്തനങ്ങൾക്കും പൊങ്കാല കഴിഞ്ഞുള്ള ഇഷ്ടിക നീക്കം ചെയ്യാനും ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുന്നതായി നഗരസഭ അധികൃതർ അറിയിച്ചു. കൂടുതൽ മൊബൈൽ ടോയ്‍ലറ്റുകൾ ക്രമീകരിക്കും. റോഡുകളുടെ അറ്റകുറ്റപ്പണി പൊങ്കാലക്കു മുമ്പ് പൂർത്തിയാക്കും.
മലിനീകരണ നിയന്ത്രണ ബോർഡിന്റെ നേതൃത്വത്തിൽ അഞ്ച് സ്ഥലങ്ങളിൽ വായു ഗുണനിലവാര നിരീക്ഷണം നടത്തും. പൊങ്കാല സമയത്തെ ശബ്ദ നില നിരീക്ഷിക്കാൻ സ്ക്വാഡിനെ ഏർപ്പെടുത്തി. പൊടി പടരുന്നത് തടയുന്നതിന് കോർപറേഷനുമായി യോജിച്ച് വാട്ടർ സ്പ്രേയിങ് നടത്തുമെന്നും അധികൃതർ അറിയിച്ചു. പൊങ്കാലയോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി 700 ബസുകളും തീർത്ഥാടന ടൂറിസത്തിന്റെ ഭാഗമായി 250 ബസുകളും പ്രത്യേക സർവിസ് നടത്തും. സിറ്റി ഷട്ടിൽ സർവിസിനായി 25 ബസുകൾ ക്രമീകരിച്ചിട്ടുണ്ട്.
മേയർ വി.വി. രാജേഷ്, പൊങ്കാല നോഡൽ ഓഫിസർ സബ് കലക്ടർ ഒ.വി. ആൽഫ്രഡ്, എ.ഡി.എം ടി.കെ. വിനീത്, സിറ്റി പെലീസ് കമീഷണർ കെ. കാർത്തിക്, ഡി.സി.പി ദീപക് ധൻകർ, ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് വി. ശോഭ, ചെയർമാൻ എസ്. വേണുഗോപാൽ, സെക്രട്ടറി കെ. ശരത് കുമാർ, ജോ. ജനറൽ കൺവീനർ വി.എൽ. വിനോദ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

