ആറ്റുകാൽ അയ്യപ്പനാശാരി കൊലക്കേസ്; അന്വേഷണ ഉദ്യോഗസ്ഥൻ കൂറുമാറി
text_fieldsതിരുവനന്തപുരം: ആര്.എസ്.എസ് സേവാ പ്രമുഖിന്റെ സഹോദരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത എ.എസ്.ഐ കൂറുമാറി. ആറ്റുകാൽ അയ്യപ്പനാശാരി കൊലക്കേസിലാണ് ഫോർട്ട് പൊലീസ് എ.എസ്.ഐയായിരുന്ന ശ്രീധരൻ നായർ വിചാരണവേളയിൽ കൂറുമാറിയത്.
2004 ലെ തിരുവോണ ദിവസമാണ് അയ്യപ്പനാശാരി കൊല്ലപ്പെടുന്നത്. അത്തപ്പൂക്കളത്തിന് പണം നല്‍കാതെ പൂക്കടയില്‍നിന്ന് പൂക്കള്‍ എടുത്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. രാജേന്ദ്രന്റെ കടയില്‍നിന്ന് കൊല്ലപ്പെട്ട അയ്യപ്പനാശാരിയുടെ മകന് സതീഷും സുഹൃത്ത് രാജേഷും പണം നല്‍കാതെ പൂക്കള്‍ എടുത്തിരുന്നു.
ഇത് ചോദ്യം ചെയ്ത് രാജേന്ദ്രന്റെ സുഹൃത്ത് മണക്കാട് ബലവാന് നഗര്‍ സ്വദേശി കടച്ചല് അനി എന്ന അനിയുടെ നേതൃത്വത്തിലുള്ള സംഘം സതീഷിന്റെ വീട് ആക്രമിക്കുകയും ആര്.എസ്.എസ് നേതാവ് രാജഗോപാല്‍ ആശാരി, സഹോദരപുത്രന്മാരായ സതീഷ്, രാജേഷ് എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയും രാജഗോപാല്‍ ആശാരിയുടെ സഹോദരന് അയ്യപ്പനാശാരി കൊല്ലപ്പെടുകയും ചെയ്തു.
കേസിലെ നിർണായക ദൃക്സാക്ഷിയും സംഭവത്തില്‍ പരിക്കേറ്റയാളുമായ രാജഗോപാല്‍ ആശാരി രണ്ടുമാസം മുമ്പ് മരണപ്പെട്ടു. മറ്റൊരു ദൃക്സാക്ഷിയായ അദ്ദേഹത്തിന്റെ ഭാര്യ സരസ്വതിയും കഴിഞ്ഞമാസം മരണപ്പെട്ടിരുന്നു. ദൃക്സാക്ഷിയായ സഹോദരൻ രാജഗോപാലന്റെ പ്രഥമ വിവരമൊഴി ആശുപത്രിയിൽവെച്ച് ശ്രീധരൻ നായർ രേഖപ്പെടുത്തി ഫോർട്ട് പൊലീസ് സ്റ്റേഷനിലെത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു.
പൊലീസ് കോൺസ്റ്റബിളായ കേസിലെ 19ാം പ്രതി വിനോദ് എന്ന ലാലുവിന്റെ അഭിഭാഷകന്റെ ചോദ്യങ്ങൾക്കാണ് ശ്രീധരൻ നായർ പരസ്പര വിരുദ്ധമായി മൊഴി നൽകിയത്. തുടർന്ന് കൂറുമാറിയ സാക്ഷിയായി പ്രോസിക്യൂഷൻ പ്രഖ്യാപിക്കുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീന് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

