കെ.എസ്.ആർ.ടി.സി ബസിനുനേരെ ആക്രമണം; മൂന്നുപേർ അറസ്റ്റിൽ
text_fieldsസംഗീത്, കൃഷ്ണ പ്രസാദ്, വിഷ്ണു
ആറ്റിങ്ങൽ: കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് ആക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. ചിറയിൻകീഴ് എരുമക്കാവ് സ്വദേശി സംഗീത് (26), അടീക്കലം സ്വദേശി കൃഷ്ണപ്രസാദ് (28), നഗരൂർ വഞ്ചിയൂർ സ്വദേശി വിഷ്ണു (32) എന്നിവരെയാണ് ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തത്. 19ന് ഉച്ചയ്ക്ക് 1.30 ന് കോളിച്ചിറ ജംഗ്ഷന് സമീപം ആണ് കേസിനാസ്പദമായ സംഭവം.
ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്ന് ചിറയിൻകീഴ് മംഗലപുരം വഴി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് സർവീസ് നടത്തിയ കെ.എസ്.ആർ.ടി.സി ബസ് പ്രതികൾ സഞ്ചരിച്ച ഇന്നോവ കാറിന് തടസ്സം സൃഷ്ടിച്ചു എന്നാരോപിച്ച് ബസ് സ്റ്റോപ്പിൽ കാർ കുറുകെയിട്ട് ബസ് തടഞ്ഞ് ബസിന്റെ ലൈറ്റ് അടിച്ചു തകർക്കുകയായിരുന്നു. ജീവനക്കാരെ അസഭ്യം പറയുകയും ട്രിപ്പ് മുടക്കി 8000 രൂപയുടെ നഷ്ടം വരുത്തുകയും ചെയ്തു. ബസ് ഡ്രൈവർ ജയകുമാർ നൽകിയ പരാതിയിലാണ് നടപടി. ചിറയിൻകീഴ് സർക്കിൾ ഇൻസ്പെക്ടർ വി.എസ് വിനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.

