13കാരിക്കുനേരെ ൈലംഗികാതിക്രമം; പ്രതിക്ക് 20 വർഷം തടവ്
text_fieldsആറ്റിങ്ങൽ: 13 വയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ 22കാരനായ പ്രതിക്ക് 20 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ. പെരുങ്കുഴി സ്വദേശി അഖിലിനെയാണ് കുറ്റക്കാരനായി കണ്ടെത്തി ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി (പോക്സോ) സ്പെഷൽ ജഡ്ജ് റോഷൻ തോമസ് വിധി പ്രസ്താവിച്ചത്. 2015 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം.
പെൺകുട്ടിയോട് അടുപ്പം കാണിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമത്തിന് വിധേയയാക്കിയെന്നാണ് കേസ്. അതിജീവിത നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ചിറയിൻകീഴ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പിഴ തുകയിൽ 65000 രൂപ വീതം അതിജീവിതക്ക് നഷ്ടപരിഹാരമെന്ന നിലയിൽ നൽകണം. നഷ്ടപരിഹാരം കെട്ടിവെക്കാത്ത സാഹചര്യത്തിൽ മൂന്നു മാസം വീതം പ്രതി അധിക കഠിന തടവ് അനുഷ്ഠിക്കണം.
പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമം അനുസരിച്ച് ബലാത്സംഗം എന്ന കുറ്റം കോടതി കണ്ടെത്തിയെങ്കിലും പ്രത്യേക ശിക്ഷ വിധിച്ചിട്ടില്ല. തടവുശിക്ഷ ഒരേ കാലയളവിൽ അനുഭവിച്ച് തീർത്താൽ മതിയെന്നും തടവിൽ കഴിഞ്ഞ വിചാരണ കാലം ശിക്ഷാ ഇളവിന് അർഹതയുണ്ടെന്നും കോടതി ഉത്തരവിലുണ്ട്.
ചിറയിൻകീഴ് സബ് ഇൻസ്പെക്ടറായിരുന്ന വി. ശ്രീജേഷാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ആറ്റിങ്ങൽ ഡി.വൈ.എസ്.പിയായിരുന്ന പി. അനിൽകുമാറാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എം. മുഹ്സിൻ ഹാജരായി.

