ആറ്റിങ്ങൽ നഗരസഭയിൽ ആർ.ആർ.ആർ സെന്ററുകൾ തുറന്നു
text_fieldsആറ്റിങ്ങൽ: മാലിന്യമുക്ത നവകേരളം കർമപദ്ധതിയുടെ ഭാഗമായി ആറ്റിങ്ങൽ നഗരസഭയിൽ ആർ.ആർ.ആർ സെന്ററുകൾ തുറന്നു. സ്വച്ഛഭാരത മിഷന്റെയും മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായാണ് സെന്ററുകൾ പ്രവർത്തനം ആരംഭിച്ചത്. ചെയർപേഴ്സൺ എസ്.കുമാരി കലക്ഷൻ സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു.
പൊതുജനങ്ങൾ ഉപയോഗിച്ചതോ അല്ലാത്തതൊ ആയ വൃത്തിയുള്ളതും പുനരുപയോഗ സാധ്യതയുള്ളതുമായ തുണിത്തരങ്ങൾ, ഇലക്ട്രോണിക്സ് വസ്തുക്കൾ, കളിക്കോപ്പുകൾ, ഗൃഹോപകരണങ്ങൾ, ഫർണിച്ചറുകൾ, പുസ്തകങ്ങൾ തുടങ്ങിയവ സെന്ററിൽ എത്തിച്ച് സൗജന്യമായി ആവശ്യക്കാർക്ക് വിതരണം ചെയ്യാം. ഹരിതകർമസേന അംഗങ്ങൾ മുഖേന വാർഡു തലത്തിൽ ശേഖരിക്കുന്ന ഉൽപന്നങ്ങൾ വിതരണം ചെയ്യാൻ വരും ദിവസങ്ങളിൽ കൂടുതൽ കേന്ദ്രങ്ങൾ തുറക്കും.
നഗരസഭ അങ്കണത്തിൽ നടന്ന പരിപാടിയിൽ വൈസ് ചെയർമാൻ ജി.തുളസീധരൻപിള്ള, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യസുധീർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എസ്.ഷീജ, ഗിരിജ ടീച്ചർ, കൗൺസിലർമാരായ രാജഗോപാലൻ പോറ്റി, വി.എസ്.നിതിൻ, എസ്.സുഖിൽ, മുരളീധരൻ നായർ, ലൈലാബീവി, ഹെൽത്ത് സൂപ്പർവൈസർ റാംകുമാർ, ഇൻസ്പെക്ടർ ധന്യ, നവകേരള മിഷൻ പ്രതിനിധികൾ, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ, ഹരിതകർമസേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.