വിവാഹ തിരക്കുകൾക്കിടയിൽ വീട്ടിനുള്ളിൽ കയറി; കുടുംബം പുറത്ത് പോയ തക്കത്തിന് കവർച്ച
text_fieldsആറ്റിങ്ങൽ: അവനവഞ്ചേരിയിലെ വിവാഹവീട്ടിൽ കവർച്ച. കിളിത്തട്ടുമുക്ക് എസ്.ആർ വില്ലയിലാണ് കവർച്ച നടന്നത്. ഈ വീട്ടിലെ മിഥുെൻറയും കൊടുവഴന്നൂർ സ്വദേശിനി മിജയുടെയും വിവാഹം ബുധനാഴ്ചയാണ് നടന്നത്. വിവാഹത്തിനുശേഷം ഇവർ വീട്ടിലെത്തിയിരുന്നു. വിവാഹ സൽക്കാരം ആറ്റിങ്ങൽ പൂജ കൺവെൻഷൻ സെൻററിൽ സജ്ജീകരിച്ചിരുന്നു. വീട്ടുകാരെല്ലാവരും വധൂവരന്മാർക്കൊപ്പം ഇവിടേക്ക് പോയി. കുടുംബാംഗങ്ങൾ വിവാഹസമയത്ത് ധരിച്ചിരുന്ന സ്വർണാഭരണങ്ങളിൽ പകുതിയോളം വീട്ടിലായിരുന്നു. രാത്രി മടങ്ങിയെത്തിയപ്പോഴാണ് കവർച്ച നടന്ന വിവരം അറിയുന്നത്.
വീടിെൻറ മുൻവശത്ത് വാതിൽ പൂട്ടിയിട്ടാണ് ഇവർ പോയത്. തിരികെയെത്തിയപ്പോൾ അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. വീടിെൻറ പിറകുവശത്തെ വാതിൽ തുറന്നിട്ടനിലയിലായിരുന്നു. വിവാഹ തിരക്കുകൾക്കിടയിൽ വീട്ടിനുള്ളിൽ കടന്നുകയറി ഒളിച്ചിരുന്ന മോഷ്ടാവാണ് കവർച്ചക്ക് പിന്നിലെന്ന് കരുതുന്നു. വിവരമറിഞ്ഞ് ആറ്റിങ്ങൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

