ആകാശത്ത് അപൂർവ കാഴ്ച; തീരവാസികളിൽ ആശയക്കുഴപ്പം
text_fieldsഅഞ്ചുതെങ്ങ് തീരത്ത് ആകാശത്ത് ദൃശ്യമായ പ്രകാശം
ആറ്റിങ്ങൽ: ആകാശത്ത് അപൂർവ കാഴ്ച ദൃശ്യമായത് തീരമേഖലയിൽ ആശയക്കുഴപ്പത്തിന് കാരണമായി. ചിറയിൻകീഴ്, അഞ്ചുതെങ്ങ് പ്രദേശത്തെ ആകാശത്ത് രാവിലെ ആറരയോടെയാണ് അപൂർവ കാഴ്ച ദൃശ്യമായത്. ആകാശത്തുനിന്ന് കടലിലേയ്ക്ക് ടോർച് അടിക്കുന്നതിന് സമാനമായി തോന്നിപ്പിക്കുന്ന കാഴ്ചയുടെ സ്രോതസ്സ് എന്താണെന്നത് അറിയാൻ കഴിയാതിരുന്നത് ആശങ്കകൾ വർധിപ്പിച്ചിരുന്നു.
അഞ്ച് മിനിറ്റോളം പതിയെ സഞ്ചരിക്കുന്നതായ് തോന്നിപ്പിക്കും വിധം നീണ്ട ഈ കാഴ്ച പതിയെ പതിയെ മങ്ങിപ്പോകുകയായിരുന്നെന്ന് ദൃസാക്ഷികൾ പറഞ്ഞു. ഐ.എസ്.ആർ.ഒയുടെ ഈ വർഷത്തെ ആദ്യ ഉപഗ്രഹ വിക്ഷേപണ വാഹനമായ പി.എസ്.എൽ.വി-സി52 ന്റെ വിക്ഷേപണം തിങ്കളാഴ്ച ആയിരുന്നു.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽനിന്ന് പുലർച്ച 5.59നായിരുന്നു വിക്ഷേപണം. ഇതാണ് ആകാശത്ത് ദൃശ്യമായതെന്ന് പ്രാദേശിക അധികൃതർ അറിയിച്ചതിന് ശേഷമാണ് ആശങ്ക ഒഴിവായത്.