ബൈപാസ് മേഖലയിലുൾപ്പെടെ ദേശീയപാത വികസനം ദ്രുതഗതിയിൽ
text_fieldsആറുവരി ബൈപാസ് നിർമാണം പുരോഗമിക്കുന്നു
ആറ്റിങ്ങല്‍: ബൈപാസ് മേഖലയിൽ ഉൾപ്പെടെ കടമ്പാട്ടുകോണം-കഴക്കൂട്ടം ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള നിർമാണപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങൾ പൊളിക്കുകയും മരങ്ങൾ മുറിക്കുകയും ചെയ്തു.
പുതിയ ഓട നിർമാണം പുരോഗമിക്കുന്നു. വൈദ്യുതി പോസ്റ്റുകൾ സ്ഥാപിച്ചുകൊണ്ടിരിക്കുന്നു. ഈ ഭാഗത്ത് സർവിസ് റോഡ് പൂർത്തിയാക്കുന്നതിനാണ് മുൻഗണന. അത് പൂർത്തിയായാലേ ഗതാഗതം അതുവഴിയാക്കി ഇതര ഭാഗത്തെ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കാനാവൂ.
മാമം മുതൽ കല്ലമ്പലം ആഴംകോണം വരെയുള്ള ബൈപാസ് മേഖലയിൽ വീതിയുള്ള പാത രൂപപ്പെട്ടുകഴിഞ്ഞു. മണ്ണിട്ടുയർത്തുന്ന പണിയാണ് ഇപ്പൊൾ നടക്കുന്നത്. ചിലയിടങ്ങളില്‍ ഏറ്റെടുക്കാത്ത ഭൂമിയിലെ മരങ്ങള്‍ മുറിക്കുന്നതായും അതിര്‍ത്തി നിർണയിച്ച് കല്ലിട്ടതിന് പുറത്തുള്ള ഭൂമിയില്‍ മണ്ണിടുന്നതായും പരാതി ഉയരുന്നുണ്ട്.
ഇതുസംബന്ധിച്ച് പരാതികളുമായി സ്പെഷല്‍ താലൂക്ക് ഓഫിസില്‍ എത്തുന്നവരുടെ എണ്ണം ദിനംപ്രതി കൂടിയതോടെ പൊലീസില്‍ പരാതി നൽകാന് അധികൃതര്‍ നിർദേശിച്ചിരിക്കുകയാണ്. കടമ്പാട്ടുകോണം മുതല്‍ കല്ലമ്പലം ആഴാംകോണം വരെയും മാമം മുതല്‍ കഴക്കൂട്ടം വരെയും നിലവിലുള്ള പാത വീതികൂട്ടി പുതിയ റോഡ് നിർമിക്കുകയാണ് ചെയ്യുന്നത്.
ആഴാംകോണത്തുനിന്ന് മാമത്തേക്ക് ബൈപാസ് റോഡാണ് നിർമിക്കുന്നത്. ഈ ഭാഗത്താണ് മരംമുറിയും മണ്ണിടീലും സംബന്ധിച്ച് കൂടുതല്‍ പരാതി ഉയര്‍ന്നത്. റോഡ് നിർമാണത്തിന്റെ മറവില്‍ റോഡിനോട് ചേര്‍ന്ന വയലുകള്‍കൂടി നികത്താൻ ശ്രമംനടക്കുന്നതും അധികൃതരുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്.
കരാറെടുത്തിരിക്കുന്നവരാണ് മരംമുറിയും മണ്ണിടീലും നടത്തുന്നത്. മുറിക്കേണ്ട മരങ്ങള്‍ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍, അടയാളപ്പെടുത്തലുകളില്ലാത്ത മരങ്ങളും മുറിച്ചുനീക്കുന്നതായാണ് പരാതി. ഇതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പലരും റവന്യൂ അധികൃതരെ സമീപിക്കുന്നത്.
കടമ്പാട്ടുകോണം മുതല്‍ കഴക്കൂട്ടം വരെയുള്ള 29.83 കിലോമീറ്റര്‍ ദൂരം ദേശീയപാത 66 ന്റെ 18ാം റീച്ചാണ്. പാതയുടെ വികസനത്തിനായി 69 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുത്തത്. ഇതില്‍ 10.9 കിലോമീറ്റര്‍ നീളത്തിലാണ് ബൈപാസ് നിർമിക്കുന്നത്. 40 ഹെക്ടറിലധികം ഭൂമിയാണ് ബൈപാസിനായി ഏറ്റെടുത്തത്.
100 കിലോമീറ്റര്‍ കുറഞ്ഞ വേഗം നൽകാന് പ്രാപ്തിയുള്ള ആറ് വരിപ്പാതയാണ് നിർമിക്കുന്നത്. പാതയില്‍ ആറ് മേൽപാലങ്ങളും 16 അടിപ്പാതകളും ഉണ്ടാകും. 795 കോടി ചെലവിട്ടാണ് നിർമാണം നടത്തുന്നത്. 30 മാസമാണ് നിർമാണ കാലാവധി. വാമനപുരം നദിക്ക് കുറുകെയുള്ളതുൾപ്പെടെ പാലങ്ങളുടെ നിർമാണ പ്രവർത്തനങ്ങളും ആരംഭിച്ചു.

