ഓട്ടോ ഡ്രൈവറുടെ ദുരൂഹമരണം: കൊലപാതകം;പ്രതികൾ പിടിയിൽ
text_fieldsബൈജു കൊലക്കേസിൽ പിടിയിലായ പ്രതികൾ
ആറ്റിങ്ങൽ: മണമ്പൂർ നാലുമുക്കിന് സമീപം ശങ്കരൻമുക്ക് ശിവശൈലത്തിൽ ബൈജു(50)വിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. മണമ്പൂർ ഗുരുനഗർ ശ്രീ മംഗലംവീട്ടിൽ റിനു (39), മണമ്പൂർ കുടിവിള വീട്ടിൽ ഷൈബു(45), മണമ്പൂർ ആതിര വിലാസത്തിൽ അനീഷ് (29), മണമ്പൂർ കെ.എ ഭവനിൽ അനീഷ് (36), ഒറ്റൂർ മംഗലത്ത് കുന്ന് വീട്ടിൽ വിശാഖ് (22) എന്നിവർ പിടിയിലായി.
കുടുംബവുമായി പിണങ്ങി ഒറ്റക്ക് താമസിക്കുന്ന ബൈജുവിനെ 28ന് രാവിലെ വീടിന് മുന്നിൽ അബോധാവസ്ഥയിൽ കണ്ടെത്തിയിരുന്നു. ഇയാളെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികൾ കുടുങ്ങുകയായിരുന്നു. 27ന് രാത്രി മണമ്പൂർ ജംഗ്ഷന് സമീപം ജെ.സി.ബി, ടിപ്പർ എന്നിവ പാർക്ക് ചെയ്യുന്ന സ്ഥലത്തിരുന്ന് സംഘം മദ്യപിക്കുന്നത് ബൈജു വിലക്കിയിരുന്നു.
ഇതിൽ പ്രകോപിതരായവർ ബൈജുവിനെ അടിച്ചു വീഴ്ത്തുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. കടയ്ക്കാവൂർ സി.ഐ സജിൻ ലൂയിസ്, എസ്.ഐ സജിത്ത്, സി.പി.ഒ ബാലു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. വർക്കല കോടതി പ്രതികളെ റിമാൻഡ് ചെയ്തു.

