വീട്ടമ്മയുടെ മരണം കൊലപാതകം; മകൻ പ്രതി
text_fieldsആറ്റിങ്ങൽ: കടയ്ക്കാവൂർ നിലയ്ക്കാമുക്കിൽ വീട്ടമ്മയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. മകൻ പ്രതിയെന്നും പൊലീസ് നിഗമനം. നിലയ്ക്കാമുക്ക് പൂച്ചടിവിള വീട്ടിൽ ജനനിയെ (59) ശനിയാഴ്ച രാത്രി രണ്ട് മണിയോടെയാണ് വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് ഇളയ മകൻ വിഷ്ണുവിനെ (32) കടയ്ക്കാവൂർ പൊലീസ് പിടികൂടിയിരുന്നു. പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയുടെ അറസ്റ്റ് വൈകിയേക്കും. മദ്യലഹരിയിൽ മാതാവുമായുള്ള തർക്കത്തിന് ഒടുവിൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
അമ്മ സ്വയം തീകൊളുത്തിയെന്നും രക്ഷപ്പെടുത്തുന്നതിനിടയിൽ തനിക്ക് പരിക്ക് പറ്റിയെന്നും പറഞ്ഞ് ശനിയാഴ്ച രാത്രി 2.30 ന് കടയ്ക്കാവൂർ പഴഞ്ചിറയിലുള്ള ബന്ധുവിന്റെ വീട്ടിൽ വിഷ്ണു എത്തിയിരുന്നു.
ഇതിനുശേഷം ആത്മഹത്യ ചെയ്യാൻ ശ്രമിച്ച വിഷ്ണു കെട്ടഴിഞ്ഞ് താഴെ വീണ് കൈയും കാലും ഒടിഞ്ഞു. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. പ്രതിയുടെ ആരോഗ്യാവസ്ഥ മെച്ചപ്പെട്ടശേഷം അറസ്റ്റ് ചെയ്താൽ മതിയെന്നാണ് പൊലീസ് ഉദ്യോഗസ്ഥരുടെ തീരുമാനം.

