അഞ്ച് മാസമായി ശമ്പളമില്ലാതെ ഫിഷറീസ് ലൈഫ് ഗാർഡുമാർ
text_fieldsആറ്റിങ്ങൽ: അപകട മുനമ്പിൽ ജീവൻ പണയം വെക്കുന്നവർക്ക് കൂലിയില്ല; അഞ്ച് മാസമായി ശമ്പളമില്ലാതെ ലൈഫ് ഗാർഡുമാർ. മുതലപ്പൊഴിയിലെ ലൈഫ് ഗാർഡുകൾക്ക് കഴിഞ്ഞ അഞ്ച് മാസമായി ശമ്പളം ലഭിക്കുന്നില്ല.
വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷന് കീഴിൽ മുതലപ്പൊഴിയിൽ ഉൾപ്പെടെ 45ഓളം ലൈഫ് ഗാർഡുകളാണുള്ളത്. അതീവ അപകടസാധ്യതയുള്ള ഹാർബർ മേഖലകളിലാണ് ഇവരെ ജോലിക്ക് നിയോഗിച്ചിരിക്കുന്നത്. മത്സ്യബന്ധന ബോട്ടുകൾ കടലിലേക്ക് പോകുമ്പോഴും തിരികെ വരുമ്പോഴും ഉണ്ടാകുന്ന അപകടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുകയാണ് ഇവരുടെ ജോലി. മുതലപ്പൊഴി ഹാർബറിൽ എല്ലാ ദിവസവും ഇവർക്ക് ഇടപെടേണ്ട അവസ്ഥയാണ്. ജീവൻ പണയം വെച്ച് രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്ന ഇവർക്ക് കൂലിയില്ല. ഓരോ മാസം പിന്നിടുമ്പോഴും കുടശിക വർധിച്ചുവരികയാണ്.
മുതലപ്പൊഴിയിൽ വിഴിഞ്ഞം, പൂന്തുറ, അഞ്ചുതെങ്ങ്, ചിറയിൻകീഴ് മേഖലകളിലെ മത്സ്യത്തൊഴിലാളികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാണ് ഇവർ. മാസത്തിൽ 27 ഷിഫ്റ്റുകളിൽ ഇവർ ജോലി ചെയ്യുന്നു. മാസം 21000 രൂപയാണ് ശമ്പളം. ഇത് കൃത്യസമയത്ത് ലഭിക്കാത്തത് തൊഴിലാളികളുടെ കുടുംബങ്ങളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുന്നു. അപകടകരമായ ജോലിയിൽ ഏർപ്പെട്ടിട്ടും ഇവർക്ക് മതിയായ സുരക്ഷാ സംവിധാനങ്ങളോ ഇൻഷുറൻസ് പരിരക്ഷയോ സർക്കാർ ഒരുക്കിയിട്ടില്ല.
ശമ്പള കുടിശിക സംബന്ധിച്ച് ഫിഷറീസ് മന്ത്രിക്ക് പരാതി നൽകിയിരുന്നു. ഉടൻ പരിഹരിക്കാം എന്ന ഉറപ്പ് ലഭിച്ചിട്ട് ഒന്നര മാസം പിന്നിട്ടു. പക്ഷേ ശമ്പളം മാത്രം കിട്ടുന്നില്ല. പുതിയ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട സാങ്കേതിക തടസങ്ങളാണ് ശമ്പളം വൈകാൻ കാരണമെന്നും പ്രശ്നം ഉടൻ പരിഹരിക്കുമെന്നുമാണ് ഫിഷറീസ് സ്റ്റേഷൻ അധികൃതർ ഒരുമാസം മുമ്പ് പറഞ്ഞത്. ഇപ്പോൾ മറ്റ് ന്യായീകരണങ്ങൾ ഒന്നും പറയാൻ കഴിയുന്നില്ല. എത്രയും വേഗം നൽകാം എന്ന മറുപടി മാത്രം.
ഇതുമായി താരതമ്യം ചെയ്യുമ്പോൾ, ടൂറിസം വകുപ്പിലെ ലൈഫ് ഗാർഡുകൾ രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണിവരെ ഡ്യൂട്ടി ചെയ്തതിന് ഏകദേശം 28000 പ്രതിമാസം വേതനം ലഭിക്കുന്നു. കോസ്റ്റൽ വാർഡന്മാർ 15 ദിവസം ഫുൾ ഡ്യൂട്ടി ചെയ്യുമ്പോൾ ഏകദേശം 30000 ശമ്പളം ലഭിക്കുന്നു. എന്നാൽ മനുഷ്യജീവൻ സംരക്ഷിക്കുന്ന അതീവ ഉത്തരവാദിത്തമുള്ള ജോലി നിർവഹിക്കുന്ന ഫിഷറീസ് ലൈഫ് ഗാർഡുകൾക്ക് സമാന വിഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞ വേതനമാണ് ലഭിക്കുന്നത്. അതുപോലും 5 മാസം കുടിശികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

