നദിയിൽ നിന്നു സംഭരിച്ച മാലിന്യം ഹരിതകർമ്മ സേന ഏറ്റെടുത്ത ശേഷം ഉപേക്ഷിച്ചതായി പരാതി
text_fieldsവാമനപുരം നദിയിൽ നിന്ന് യുവാക്കൾ വള്ളത്തിലെത്തി മാലിന്യം ശേഖരിക്കുന്നു
ആറ്റിങ്ങൽ: ഗാന്ധിജയന്തി ശുചീകരണത്തിൽ സംഭരിച്ച മാലിന്യം ഹരിതകർമ്മ സേന ഏറ്റെടുത്ത ശേഷം ഉപേക്ഷിച്ചുപോയി. പനവേലിപ്പറമ്പ് കടവിന് സമീപം വാമനപുരം നദിയിൽ മാസങ്ങളായി അടിഞ്ഞു കൂടിക്കിടന്ന മാലിന്യം കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ഭാഗികമായി നീക്കം ചെയ്തത്.
മൂന്ന് മാസത്തോളമായി നദിയുടെ ഒഴുക്ക് തടഞ്ഞ് നദിയിൽ മാലിന്യം അടിഞ്ഞുകിടക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് കിരൺ കൊല്ലമ്പുഴയുടെ നേതൃത്വത്തിൽ 25 പേരുടെ സംഘമാണ് നദിയിൽ നിന്ന് മാലിന്യം നീക്കം ചെയ്തത്. നാൽപതിലേറെ ചാക്ക് മാലിന്യം നീക്കം ചെയ്തതായി പ്രവർത്തകർ പറഞ്ഞു.
നീക്കം ചെയ്ത മാലിന്യം പ്രവർത്തകർ അറിയിച്ചതനുസരിച്ച് സ്ഥലത്തു നിന്ന് ഹരിത കർമസേന കൊണ്ട് പോയി. എന്നാൽ കുറച്ചുസമയം കഴിഞ്ഞ് തിരിച്ച് കൊണ്ട് വന്ന് തള്ളിയിട്ടതാതയി കോൺഗ്രസ് പരാതിപ്പെടുന്നു.
രാഷ്ട്രീയ നേട്ടത്തിനായി നഗരസഭയിലെ ഭരണനേതൃത്വം നടത്തിയ കളിയാണ് മാലിന്യം തിരിച്ചെത്തിച്ചതിനു പിന്നിലെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. എന്നാൽ ഇത്തരത്തിൽ മാലിന്യം നീക്കം ചെയ്യുന്നതിന് ആരും രേഖാമൂലം അപേക്ഷ നൽകുകയോ, അതിനായി യൂസർഫീ അടയ്ക്കുകയോ ചെയ്തിട്ടില്ലെന്ന് നഗരസഭ ഹെൽത്ത് സൂപ്പർവൈസർ റാം കുമാർ പറഞ്ഞു.
പുനരുപയോഗത്തിന് സാധിക്കാത്ത മാലിന്യം കമ്പനികൾക്ക് കൊടുക്കുമ്പോൾ ഹരിതകർമസേന ലഗസി ഫീസ് കൊടുക്കണം. അത്തരത്തിലുള്ള മാലിന്യമാണ് ശേഖരിച്ചത്.
നദിയിലെ മാലിന്യം നീക്കം ചെയ്യുന്നതിന് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും കരാറുകാരനാണ് ഹരിതകർമ സേനക്കുള്ള തുക അടയ്ക്കേണ്ടതെന്നും ഹെൽത്ത് വിഭാഗം അധികൃതർ അറിയിച്ചു. മാലിന്യം നീക്കം ചെയ്യുന്നതിന് ഇറിഗേഷൻ വകുപ്പിൽ നിന്ന് കഴിഞ്ഞ ദിവസം രണ്ടു ലക്ഷം രൂപ ഫണ്ട് അനുവദിച്ചിരുന്നതായും കരാർ നടപടികൾ പുരോഗമിക്കുകയാണെന്നുമാണ് അധികൃതർ പറയുന്നത്.
ഡി.സി.സി അംഗം ആറ്റിങ്ങൽ സതീഷ്, ഷൈജു ചന്ദ്രൻ, എച്ച്. ബഷീർ, ആർ. അരുൺകുമാർ തുളസിദാസ് തുടങ്ങിയവർ ശുചീകരണത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

