അൻസി കബീറിന് നാടിെൻറ അന്ത്യാഞ്ജലി
text_fields
അൻസി കബീറിെൻറ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ
അൻസി കബീറിന് നാടിെൻറ അന്ത്യാഞ്ജലി
ആറ്റിങ്ങല്‍: കൊച്ചിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച മിസ് കേരളയും മിസ് സൗത്ത് ഇന്ത്യയുമായ ആലംകോട് പാലാംകോണം അന്‍സി കോട്ടേജില്‍ കബീര്‍-റസീന ദമ്പതിമാരുടെ മകള്‍ അന്‍സി കബീറിന് (25) നാടിെൻറ അന്ത്യാഞ്ജലി. പോസ്റ്റ്മോർട്ടത്തിനുശേഷം വിട്ടുകിട്ടിയ മൃതദേഹം ചൊവ്വാഴ്ച പുലർച്ച വീട്ടിലെത്തിച്ചു. ഖത്തറിലായിരുന്ന പിതാവ് കബീർ തിങ്കളാഴ്ച പുലർച്ച ആലംകോട് വീട്ടിലെത്തി.
അപകടത്തിെൻറ വ്യാപ്തി കൊണ്ട് കാര്യമായ പരിക്കുകൾ ഉണ്ടായിരുന്നതിനാൽ മൃതദേഹം പൊതു ദർശനത്തിന് അനുവദിച്ചില്ല. എങ്കിലും ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും അന്ത്യാഞ്ജലി അർപ്പിക്കാൻ പുലർച്ചതന്നെ വീട്ടിലും ആലംകോട് മസ്ജിദിലും എത്തിയിരുന്നു. ഏക മകളുടെ മരണവാര്‍ത്തയറിഞ്ഞ് വീടിനുള്ളില്‍ ആത്മഹത്യക്ക് ശ്രമിച്ച റസീന തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ തുടരുകയാണ്. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ബന്ധുക്കൾ പറഞ്ഞു. അപകടത്തിൽ അൻസി ഉൾപ്പെടെ രണ്ടുപേർ മരിക്കുകയും നിരവധി പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു.
2019ല്‍ മിസ് കേരള ആയി തെരഞ്ഞെടുക്കപ്പെട്ട അന്‍സി കബീര്‍ 2021ലെ മിസ് സൗത്തിന്ത്യ പട്ടവും സ്വന്തമാക്കിയിരുന്നു. കഴക്കൂട്ടം മരിയന്‍ എൻജിനീയറിങ് കോളജില്‍ പഠിക്കുമ്പോള്‍ അന്‍സി മോഡലിങ്ങില്‍ സജീവമായിരുന്നു. പഠനം പൂര്‍ത്തിയാക്കിയപ്പോഴേക്കും ടെക്നോപാര്‍ക്കിലെ ഇന്‍ഫോസിസില്‍ കാമ്പസ് ഇൻറര്വ്യൂവഴി ജോലി ലഭിച്ചു. തുടര്‍ന്ന് ജോലിയും മോഡലിങ്ങും ഒരുമിച്ച് കൊണ്ടുപോകുകയായിരുന്നു. കൊച്ചിയിലേക്ക് താമസം മാറി. ഇന്‍ഫോസിസിലെ ജോലിയിൽ തുടര്‍ന്നു. പാലാംകോണത്തെ വീട്ടില്‍ മാതാവ് റസീന മാത്രമാണുണ്ടായിരുന്നത്.
അന്‍സിയുടെ മരണവാര്‍ത്തയറിഞ്ഞയുടനെ റസീന ആത്മഹത്യക്ക് ശ്രമിച്ചത് കൂടുതൽ ആശങ്കക്ക് ഇടയാക്കിയിരുന്നു. പൊലീസെത്തിയാണ് റസീനയെ വീടിന് പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

