ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ
text_fieldsവരുൺ കൃഷ്ണ
ആറ്റിങ്ങൽ: ഇലക്ട്രിക് ഓട്ടോ നൽകാമെന്ന് പറഞ്ഞ് പലരിൽനിന്നായി ലക്ഷങ്ങൾ കബളിപ്പിച്ച സ്ഥാപന ഉടമയായ പ്രതി അറസ്റ്റിൽ. ആറ്റിങ്ങൽ മുന്നുമുക്ക് ജങ്ഷന് സമീപം ശ്രീകൃഷ്ണ വിലാസം ബംഗ്ലാവിൽ വരുൺ കൃഷ്ണയെയാണ് (28) ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തത്.
ആറ്റിങ്ങൽ മാമത്ത് പ്രവർത്തിച്ചിരുന്ന വി.കെ ഓട്ടോമോബൈൽ എന്ന സ്ഥാപന ഉടമയാണ്. ഹിട്ടോ എന്ന ഇലക്ട്രിക് ഓട്ടോ നൽകാമെന്ന് പറഞ്ഞ് നെടുമങ്ങാട് സ്വദേശി അബ്ദുൽ ഖരീമിൽനിന്ന് 3,75,000 രൂപയും തിരുവനന്തപുരം മണക്കാട് സ്വദേശി സതീഷ് കുമാറിൽനിന്ന് 3,50,000 രൂപയും കബളിപ്പിച്ചതായാണ് പരാതി.
പൊലീസ് അന്വേഷണത്തിൽ പ്രതി ആർഭാട ജീവിതം നടത്തിവരുന്നതായി കണ്ടെത്തി. കൂടുതൽ പേർ ഇരയായിട്ടുണ്ടെന്നാണ് നിഗമനം. ആറ്റിങ്ങൽ ഡിവൈ.എസ്.പി ജി. ബിനുവിന്റെ നിർദേശപ്രകാരം ആറ്റിങ്ങൽ ഐ.എസ്.എച്ച്.ഒ തൻസീം അബ്ദുൽ സമദ്, ഉണ്ണികൃഷ്ണൻ നായർ, റാഫി, മനോജ് കുമാർ, പ്രസേനൻ, റിയാസ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.