ബൈക്ക് യാത്രക്കാരനെ ആക്രമിച്ച് മാല കവർന്ന പ്രതികളിലൊരാള്‍ പിടിയില്‍
text_fieldsഅനൂപ്
ആറ്റിങ്ങൽ: കടയ്ക്കാവൂര്‍ മീരാന്‍കടവ് പാലത്തിന് സമീപം ബൈക്ക് യാത്രക്കാരനെ ആക്രമിച്ച് മാല കവർന്ന സംഭവത്തിൽ പ്രതികളിലൊരാളെ കടയ്ക്കാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
കടയ്ക്കാവൂര്‍ ഓവര്‍ബ്രിഡ്ജിന് സമീപം വയലില്‍ തിട്ടയില്‍ വീട്ടില്‍നിന്ന് ആയാൻറവിള ക്ഷേത്രത്തിന് സമീപം വാടകക്ക് താമസിക്കുന്ന പത്തല് എന്ന അനൂപിനെയാണ് (28) അറസ്റ്റ് ചെയ്തത്. അഞ്ചുതെങ്ങ് പുത്തന്‍മണ്ണ് വാടയില് വീട്ടില്‍ നിക്സനെയാണ് ശനിയാഴ്ച വൈകീട്ട് അേഞ്ചാടെ ബൈക്ക് തടഞ്ഞ് രണ്ടംഗസംഘം ആക്രമിച്ചത്.
ബൈക്കില്‍നിന്ന് പിടിച്ചിറക്കി മര്‍ദിച്ചശേഷം മൂന്നുപവെൻറ സ്വര്‍ണമാല പൊട്ടിച്ചെടുത്ത് ഇരുവരും രക്ഷപ്പെടുകയായിരുന്നു. കൂട്ടുപ്രതിക്കുവേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു. കടയ്ക്കാവൂരിലും പരിസര പ്രദേശങ്ങളിലുമുള്ള സി.സി.ടി.വി ദൃശ്യങ്ങളുടെയും സൈബര്‍ സെല്ലിെൻറയും സഹായത്തോടെ പ്രത്യേക അന്വേഷണ സംഘം നടത്തിയ തിരച്ചിലിലാണ് അന്യസംസ്ഥാനത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ അനൂപ് പിടിയിലായത്.
വര്‍ക്കല ഡിവൈ.എസ്.പി നിയാസിെൻറ നേതൃത്വത്തില്‍ കടയ്ക്കാവൂര്‍ എസ്.എച്ച്.ഒ അജേഷ്.വി, എസ്.ഐമാരായ ദീപു എസ്.എസ്, മാഹീന്.ബി, എ.എസ്.ഐമാരായ ശ്രീകുമാര്‍, രാജീവ്, സി.പി.ഒ.മാരായ സിയാദ്, അരുണ്‍, ഡാനി, അനീഷ് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചാണ് തിരച്ചില്‍ നടത്തിയത്.