ഹോട്ടൽ ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമം: രണ്ട് പ്രതികൾ പിടിയിൽ
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂർ അമരിവിള ജങ്ഷന് സമീപം ഹോട്ടൽ അടിച്ചുതകർത്ത് ജീവനക്കാരനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. വെങ്ങാനൂർ വെണ്ണിയൂർ നെല്ലിവിള തെക്കേക്കര കിഴക്കേ പുത്തൻവീട്ടിൽ രഞ്ജു വി.ജയൻ (32), കോവളം സമുദ്രാ ബീച്ചിന് സമീപം കണ്ണംകോട് തേരി വീട്ടിൽ അനിക്കുട്ടൻ (21) എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 31ന് ഉച്ചക്കാണ് അഞ്ചംഗ സംഘം ഹോട്ടലിലെ അടുക്കളഭാഗത്ത് അതിക്രമിച്ചുകയറി ഹോട്ടൽ ഇലക്ട്രിക്കൽ ഉപകരണങ്ങളും ഫർണിച്ചറും അടിച്ച് നശിപ്പിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഹോട്ടൽ ജീവനക്കാരനെ മാരകായുധങ്ങൾ ഉപയോഗിച്ച് പരിക്കേൽപിക്കുകയും ചെയ്തത്.
സംഭവത്തിനുശേഷം ഒളിവിൽപോയ സംഘത്തിലെ ഒന്നും രണ്ടും പ്രതികളാണ് പിടിയിലായത്. പ്രദേശത്ത് നിരന്തരമായി സാമൂഹികവിരുദ്ധപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നവരാണിവര്. ഹോട്ടലിൽനിന്ന് വാങ്ങിയ കറിക്ക് രുചി കുറവാണെന്ന് പറഞ്ഞ് ഹോട്ടൽ ജീവനക്കാരുമായി വാക്കുതർക്കമായി. ഈ കേസിലെ മൂന്നാം പ്രതിയായ സൂരജിനെ (19) കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മറ്റ് രണ്ട് പ്രതികളെ പിടികൂടുന്നതിന് അന്വേഷണം ഊർജിതമാക്കിയതായി ഡെപ്യൂട്ടി കമീഷണർ ഡോ. ദിവ്യ വി.ഗോപിനാഥ് അറിയിച്ചു. വിഴിഞ്ഞം എസ്.എച്ച്.ഒ പ്രവീൺകുമാർ, എസ്.ഐമാരായ സജി.എസ്.എസ്, വിഷ്ണു സജീവ്, എസ്.സി.പി.ഒ സജൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

