ഗൈഡ് വയർ പുറത്തെടുക്കാൻ ശ്രമം; സുമയ്യ ഇന്ന് മെഡിക്കൽകോളജിൽ എത്തും
text_fieldsസുമയ്യ
തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ ഗൈഡ് വയർ നെഞ്ചിൽ കുരുങ്ങിയ പരാതിക്കാരി സുമയ്യ വ്യാഴാഴ്ച മെഡിക്കൽ കോളജിൽ അഡ്മിറ്റാകും. രാവിലെ ഒമ്പത് മണിക്ക് സൂപ്രണ്ട് ഓഫീസിലെത്താൻ സുമയ്യയോട് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. കാട്ടാക്കട, കിള്ളി സ്വദേശി സുമയ്യ കഴിഞ്ഞദിവസം മെഡിക്കൽ ബോർഡിന് മുമ്പാകെ ഹാജരായി. വയർ പുറത്തെടുക്കാതിരിക്കുന്നതാണ് ഉചിതമെന്നാണ് മെഡിക്കൽബോർഡ് സുമയ്യയെ അറിയിച്ചത്.
എങ്കിലും ഒരു ശ്രമം നടത്താമെന്നാണ് ഡോക്ടർമാർ അന്ന് അറിയിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് ഒമ്പതിന് എത്താൻ ആവശ്യപ്പെട്ടത്. വെളളിയാഴ്ച ആൻജിയോഗ്രാം രീതിയിൽ ഒരു പരിശോധന നടത്തും. അതുവഴി കൃത്യമായി സ്ഥാനം നീക്ഷിച്ച് പുറത്തെടുക്കാൻ സാധിക്കുമെങ്കിൽ അതിനുള്ള ശ്രമം നടത്താനാണ് ഇപ്പോഴത്തെ തീരുമാനം. ബന്ധുക്കളോട് കൂടി ആലോചിച്ച് തീരുമാനം അറിയിക്കാമെന്നാണ് മെഡിക്കൽ ബോഡുമായി നടത്തിയ കൂടിക്കാഴ്ചയിൽ സുമയ്യ പറഞ്ഞത്.
എന്തായാലും വ്യാഴാഴ്ച എത്തുമെന്നാണ് അറിയുന്നത്. ധമനികളോട് ഒട്ടിച്ചേർന്നതിനാൽ വയർ മാറ്റാൻ ശ്രമിക്കുന്നത് സങ്കീർണമാകും എന്നാണ് ഡോക്ടർമാർ അന്ന് അറിയിച്ചത്. വയർ കുടുങ്ങി കിടക്കുന്നത് കൊണ്ട് യുവതിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകില്ലെന്നാണ് മെഡിക്കൽ ബോർഡിന്റെ വിലയിരുത്തൽ. ഇക്കാര്യങ്ങൾ നേരത്തെ സുമയ്യയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ശ്വാസംമുട്ടലടക്കം കടുത്ത ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നാണ് സുമയ്യ മെഡിക്കൽ ബോർഡിനോട് പറഞ്ഞത്.
വിഷയത്തിൽ ഡോക്ടർക്ക് ഗുരുതരപിഴവ് സംഭവിച്ചെന്ന് ആരോഗ്യമന്ത്രി തന്നെ സമ്മതിച്ചെങ്കിലും ഒരുതവണപോലും തന്നെ വിളിച്ചില്ലെന്നും അന്വേഷണം നടക്കുന്നുവെന്ന് പറയുന്നുണ്ടെങ്കിലും അതിൽ തൃപ്തയല്ലെന്നുമാണ് സുമയ്യ പറയുന്നത്. ചികിത്സപിഴവിൽ നഷ്ടപരിഹാരവും സർക്കാർ ജോലിയും ലഭിക്കണമെന്നാണ് അവരുടെ ആവശ്യം. 2023 മാർച്ച് 22ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഡോ. രാജീവ് കുമാറിന്റെ യൂനിറ്റിൽ നടത്തിയ ശസ്ത്രക്രിയക്കിടെയാണ് സുമയ്യയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

