നിയമസഭ തെരഞ്ഞെടുപ്പ്; അരുവിക്കരയിലെ താരമാര്?
text_fieldsജി. സ്റ്റീഫൻ, വി.എസ്. ശിവകുമാർ, വിവേക് ഗോപൻ
അരുവിക്കര: നെടുമങ്ങാട് താലൂക്കിലെ അരുവിക്കര, വിതുര, കുറ്റിച്ചൽ, ആര്യനാട്, തൊളിക്കോട്, പൂവച്ചൽ, വെള്ളനാട്, ഉഴമലയ്ക്കൽ എന്നീ ഗ്രാമപഞ്ചായത്തുകൾ ചേർന്ന നിയമസഭ മണ്ഡലമാണ് അരുവിക്കര. സി.പി.എമ്മിലെ ജി. സ്റ്റീഫൻ ആണ് നിലവിലെ എം.എൽ.എ. മണ്ഡലം നിലനിർത്താൻ സ്റ്റീഫനെ തന്നെയാണ് എൽ.ഡി.എഫ് കളത്തിലിറക്കിയത്. യു.ഡി.എഫ് സ്ഥാനാർഥിയായി കോൺഗ്രസിൽനിന്ന് മുൻ മന്ത്രി വി.എസ്. ശിവകുമാർ കൂടിയെത്തിയതോടെ പോരാട്ടം കനക്കും. സീരിയൽ താരമായ വിവേക് ഗോപനാണ് എൻ.ഡി.എക്കായി രംഗത്തുള്ളത്.
ആര്യനാട് എന്ന പേരിലായിരുന്ന മണ്ഡലം 2011ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് അരുവിക്കര എന്നായി മാറിയത്. ജില്ലയിൽ കൂടുതല്‍ ആദിവാസി സാന്നിധ്യമുള്ളത് അരുവിക്കര മണ്ഡലത്തിലാണ്. 25 വർഷത്തോളമായി കോൺഗ്രസ് ആധിപത്യം തുടർന്ന മണ്ഡലത്തിൽ 2021ലാണ് യു.ഡി.എഫിന് കാലിടറിയത്. 1991 മുതൽ കോൺഗ്രസ് നേതാവ് ജി. കാർത്തികേയനാണ് ആര്യനാട് തുടർച്ചയായി വിജയിച്ചിരുന്നത്. മണ്ഡലം പേരുമാറി അരുവിക്കരയായിട്ടും കാർത്തികേയനൊപ്പം തന്നെയായിരുന്നു ജനവിധി. 2015ൽ കാർത്തികേയന്റെ വിയോഗത്തിന് പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പിൽ കന്നിയങ്കത്തിനിറങ്ങിയ മകൻ കെ.എസ്. ശബരീനാഥനൊപ്പം ജനം നിന്നു.
ഉപതിരഞ്ഞെടുപ്പിൽ 10125 വോട്ടുകളോടെ ജയിച്ച ശബരിനാഥൻ തൊട്ടടുത്ത വർഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം 21134 ലേക്ക് ഉയർത്തി. 2021ൽ തന്ത്രപരമായ നീക്കത്തിലൂടെ മണ്ഡലം എൽ.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു. സാമുദായിക സമവാക്യങ്ങളടക്കമുള്ള കാര്യങ്ങൾ കണക്കിലെടുത്ത് എൽ.ഡി.എഫ് രംഗത്തിറക്കിയ ജി. സ്റ്റീഫൻ കനത്ത മത്സരത്തിനൊടുവിൽ ശബരീനാഥനെ മറികടന്നു.
ജി. സ്റ്റീഫൻ (എൽ.ഡി.എഫ്)
അരുവിക്കര തിരിച്ചുപിടിക്കാൻ 2021ൽ സി.പി.എം രംഗത്തിറക്കിയ പുതുമുഖമായിരുന്നു ജി. സ്റ്റീഫൻ. എൽ.ഡി.എഫ് കണക്കൂകൂട്ടൽ സഫലമാക്കി കെ.എസ്. ശബരീനാഥിനെ മറികടന്ന് നിയമസഭയിലെത്തി. പ്രാദേശികതലത്തില്‍ ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള വ്യക്തിയാണ്. കാട്ടാക്കട പഞ്ചായത്ത് മുൻ പ്രസിഡന്‍റും സി.പി.എം കാട്ടാക്കട ഏരിയ സെക്രട്ടറിയുമായിരുന്നു. യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് രാഷ്ട്രീയരംഗത്ത് സജീവമായത്.
വി.എസ്. ശിവകുമാർ (യു.ഡി.എഫ്)
വിദ്യാർഥി പ്രസ്ഥാനത്തിലൂടെ സജീവ രാഷ്ട്രീയത്തിലെത്തിയ വി.എസ്. ശിവകുമാർ എം.പി, എം.എൽ.എ, മന്ത്രി എന്നീ നിലകളിൽ തിളങ്ങി. 2011ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ച അദ്ദേഹം മന്ത്രിയായി. ഗതാഗതം, ദേവസ്വം വകുപ്പുകളുടെ ചുമതലയായിരുന്നു ആദ്യം നിർഹിച്ചത്. 2012 ഏപ്രിലിലെ മന്ത്രിസഭ അഴിച്ചുപണിയെത്തുടർന്ന് ഗതാഗത വകുപ്പിന് പകരമായി അരോഗ്യവകുപ്പിന്റെ ചുമതല ലഭിച്ചു. അഭിഭാഷകൻ കൂടിയാണ് അദ്ദേഹം.
വിവേക് ഗോപൻ (എൻ.ഡി.എ)
മലയാളം മിനി സ്ക്രീൻ പ്രേക്ഷകർക്ക് പരിചിതനാണ് നടൻ വിവേക് ഗോപൻ. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിലെ ചവറ മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർഥിയായിരുന്നു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ ‘അമ്മ’ കേരള സ്‌ട്രൈക്കേഴ്‌സിന്റെ കളിക്കാരിൽ ഒരാളാണ്. 2021 ഫെബ്രുവരിയിലാണ് ബി.ജെ.പിയിൽ അംഗത്വം എടുത്തത്.
2021 നിയമസഭ തെരഞ്ഞെടുപ്പ്
- ജി. സ്റ്റീഫൻ (സി.പി.എം) -66776
- കെ.എസ്. ശബരീനാഥൻ -61730
- സി. ശിവൻകുട്ടി (ബി.ജെ.പി) -15379
2024 ലോകസഭ
- യു.ഡി.എഫ് -49607
- എൽ.ഡി.എഫ് -47375
- എൻ.ഡി.എ -38333
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

