സെക്രട്ടേറിയറ്റിന് മുന്നിൽ സ്ത്രീയോട് അതിക്രമം: പ്രതിയെ കൈയോടെ പിടികൂടി
text_fieldsസജുമോൻ
തിരുവനന്തപുരം: പട്ടാപ്പകൽ സെക്രട്ടേറിയറ്റിന് സമീപം സ്ത്രീക്കുനേരെ അതിക്രമം. പ്രതിയെ കൈയോടെ പിടികൂടി. വ്യാഴാഴ്ച ഉച്ചക്ക് 12ഓടെയായിരുന്നു സംഭവം. സെക്രട്ടേറിയറ്റിന്റെ നോർത്ത് ഗേറ്റിന് എതിർവശത്തെ ഹോട്ടലിൽനിന്ന് ആഹാരം കഴിച്ച് സ്ത്രീ പുറത്തേക്കിറങ്ങുന്നതിനിടെയായിരുന്നു സംഭവം.
സ്ഥാപനത്തിലേക്ക് കയറിപ്പോയയാളാണ് സ്ത്രീയെ അപമാനിച്ചത്. ഏറെ സുരക്ഷാസംവിധാനങ്ങളും പൊലീസ് സന്നാഹവുമുള്ള സെക്രട്ടേറിയറ്റിന് മുൻവശമായിരുന്നു സംഭവമെന്നത് ഞെട്ടിപ്പിക്കുന്നതാണ്. സ്ത്രീ വിവരമറിയിച്ചതിനെ തുടർന്ന് മിനിറ്റുകൾക്കുള്ളിൽ കന്റോൺമെന്റ് പൊലീസ് സ്ഥലത്തെത്തി. എസ്.ഐ ദിൽജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഹോട്ടലിൽനിന്ന് പ്രതിയെ പിടികൂടുകയായിരുന്നു.
ശാസ്തമംഗലം ശ്രീനിവാസ് സി.എസ്.എം നഗർ 223 ടി.സി. 15/343 ൽ ബി.എസ്. സജുമോനാണ് (39) പിടിയിലായത്. ഇയാൾ പലപ്പോഴും സ്ത്രീകളോടടക്കം മോശമായാണ് പെരുമാറുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. സെക്രട്ടേറിയറ്റിന് മുന്നിലും ഇടക്കിടക്ക് ഇയാൾ വരാറുണ്ടെന്നും അവർ പറഞ്ഞു. ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു.
ഇയാൾ സ്ത്രീയെ മനഃപൂർവം ആക്രമിക്കുകയായിരുെന്നന്ന് ദൃശ്യങ്ങളിൽനിന്ന് കണ്ടെത്തി. ആക്രമണം ചോദ്യം ചെയ്തതിന് സ്ത്രീയോട് ഇയാൾ തട്ടിക്കയറിയതായും ദൃശ്യങ്ങളിൽനിന്ന് വ്യക്തമായി. സ്ത്രീത്വത്തെ അപമാനിച്ചതിനും ആക്രമിച്ചതിനുമാണ് ഇയാൾക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തിട്ടുള്ളത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇയാൾക്കെതിരെ ആയുധം കൈയിൽ സൂക്ഷിച്ചതിനടക്കം നിരവധി ആക്രമണക്കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രാവിലെ നന്ദാവനത്ത് മൊബൈൽ ഫോണും വാച്ചും ഇയാൾ മോഷ്ടിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇതിന് മ്യൂസിയം പൊലീസും കേസെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

