വികസനം കൊതിക്കുന്ന ആര്യനാട്
text_fieldsആര്യനാട്: അഗസ്ത്യമല നിരകളുടെയും കരമനയാറിന്റെയും സാന്നിധ്യമുള്ള മനോഹരമായ മലയോര ഗ്രാമപഞ്ചായത്താണ് ആര്യനാട്. ആദിവാസി-ദലിത് വിഭാഗങ്ങളും നിർധനരും ഏറെയുള്ള പഞ്ചായത്തിൽ പ്രധാനമായും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവരാണേറെയും. കാര്‍ഷിക വിളകള്‍ നാണ്യ വിളകള്‍ക്ക് വഴിമാറിയതോടെ ആര്യനാട് പഞ്ചായത്തില്‍ ഏക്കര്‍ കണക്കിന് കൃഷി ഭൂമികള്‍ റബര്തോട്ടങ്ങളായി മാറി.
രൂക്ഷമായ വന്യമൃഗശല്യവും, കാര്‍ഷിക വിളകള്‍ക്ക് ന്യായവില കിട്ടാതായതും കൃഷി ഉപജീവനമാക്കിയവര്‍ക്ക് കനത്ത വെല്ലുവിളി സൃഷ്ടിക്കുന്നു. സ്വകാര്യ ഭൂമിയിലെ കാട്ടുപന്നി ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളെ തുരത്താന്‍ ശാശ്വത പരിഹാരങ്ങള്‍ ഇല്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കി. പത്ത് വര്‍ഷത്തിനിടെ കൃഷിപാടെ നിലച്ചമട്ടായി. ഏക്കര്‍ കണക്കിന് പ്രദേശത്ത് പാടങ്ങളും, വാഴകൃഷിയുമൊക്കെ നടത്തിയിരുന്ന സ്ഥലങ്ങള്‍ ഇപ്പോള്‍ തരിശ് കിടക്കുകയാണ്. ഇടത്, വലതു മുന്നണികൾ മാറി മാറി ഭരണം നടത്തിയ പഞ്ചായത്തില്‍ ഏറെക്കാലമായി ആവശ്യമുന്നയിക്കുന്നതാണ് ആര്യനാട് സര്‍ക്കാര്‍ ആശുപത്രിയുടെ വികസനം.
പലകുറി ആശുപത്രിയുടെ നവീകരണം അടുത്തെത്തിയെങ്കിലും യാഥാര്‍ത്ഥ്യമായില്ല. പറണ്ടോട് കേന്ദ്രമാക്കി പ്രൈമറി ഹെല്‍ത്ത് സെന്റര്‍, മീനാങ്കല്‍ ട്രൈബല്‍ സ്കൂള്‍ കേന്ദ്രമാക്കി വിദ്യാർഥികള്‍ക്കായി ഹോസ്റ്റല്‍, അഞ്ച് ഏക്കറിലധികം വരുന്ന ആര്യനാട് ഹൗസിങ് ബോര്‍ഡ് കോളനി ഭൂമിയില്‍ തൊഴില്‍ നല്‍കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുക, പഞ്ചായത്തിലെ കരമനയോറിനോട് ചേര്‍ന്ന കേന്ദ്രങ്ങള്‍ വിനോദ സഞ്ചാരികളെ എത്തിക്കുന്നതിനു വേണ്ടി ടൂറിസം പദ്ധതി ആവിഷ്ക്കരിക്കുക എന്നിവയൊക്കെ നാട്ടുകാരുടെ ആവശ്യമായി നിലനില്ക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

