നിയമനക്കത്ത്: ഡാറ്റ എൻട്രി ഓപറേറ്റർമാരുടെയും മൊഴിയെടുത്തു
text_fieldsതിരുവനന്തപുരം: മേയറുടെ നിയമനക്കത്ത് കേസിൽ കോർപറേഷനിലെ ഡാറ്റ എൻട്രി ഓപറേറ്റർമാർ ഉൾപ്പെടെ കൂടുതൽ ജീവനക്കാരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി.
മേയർ ആര്യ രാജേന്ദ്രന്‍റെയും ഓഫിസിലെ ജീവനക്കാരുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തിയത്. മേയറുടെ ലെറ്റർഹെഡ് കോർപറേഷനിലെ വിവിധ സെക്ഷനുകളിൽ ലഭ്യമാണെന്ന മൊഴിയാണ് ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചത്. ഇതിന്‍റെ വിശദാംശങ്ങളാണ് ജീവനക്കാരിൽനിന്ന് തേടിയത്.
കോർപറേഷൻ ഓഫിസിൽ തന്നെയാണ് മേയറുടെ പേരിലുള്ള കത്ത് തയാറാക്കിയതെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. നഗരസഭയിലെ 295 തസ്തികളിലേക്കുള്ള നിയമനത്തിൽ പാർട്ടി പ്രവർത്തകരുടെ പട്ടിക ആവശ്യപ്പെട്ട് മേയർ സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പന് നൽകിയതെന്ന പേരിലുള്ള കത്ത് പ്രചരിച്ചതാണ് കേസിനാധാരം. കത്ത് പ്രചരിച്ച വാട്സ്ആപ് ഗ്രൂപ്പിനെക്കുറിച്ചും പരിശോധിക്കുന്നുണ്ട്.
വരുംദിവസങ്ങളിൽ ആനാവൂർ നാഗപ്പന്‍റെയും കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായ ഡി.ആർ. അനിലിന്‍റെയും മൊഴിയും രേഖപ്പെടുത്തും. സംശയമുള്ള ജീവനക്കാരുടേതുൾപ്പെടെ മൊഴികൾ രേഖപ്പെടുത്തിയ ശേഷമാകും ഈ നടപടിയിലേക്ക് കടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

