തൊണ്ടിമുതൽ തിരിമറി കേസ്; സത്യം ജയിച്ചതിൽ ചാരിതാർഥ്യം -കെ.കെ. ജയമോഹൻ
text_fieldsകെ.കെ. ജയമോഹൻ
തിരുവനന്തപുരം: ‘സത്യം തെളിഞ്ഞതിൽ ചാരിതാർഥ്യമുണ്ട്’, തൊണ്ടിമുതൽ തിരിമറി കേസിൽ പ്രതികൾ കുറ്റക്കാരെന്ന വിധിവരുമ്പോൾ കേസ് അന്വേഷിച്ച മുൻ എസ്.പി കെ.കെ. ജയമോഹന്‍റെ വാക്കുകൾ ഇങ്ങനെയായിരുന്നു. വർഷങ്ങൾ നീണ്ട കേസിൽ പ്രതികളെ ശിക്ഷിക്കുന്നതിലേക്ക് എത്തിയതിൽ കെ.കെ. ജയമോഹന്‍റെ നിശ്ചയദാർഢ്യത്തിന് നിർണായക പങ്കുണ്ട്. ലഹരിക്കടത്ത് കേസിൽ വലിയതുറ പൊലീസ് ഓസ്ട്രേലിയൻ സ്വദേശി ആൻഡ്രുവിനെ പിടിക്കുമ്പോൾ പൂന്തുറ സി.ഐ ആയിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തിന്‍റെ സാന്നിധ്യത്തിലാണ് പ്രതിയുടെ അടിവസ്ത്രത്തിൽനിന്ന് ലഹരിമരുന്ന് കണ്ടെത്തി അളന്ന് കോടതിക്ക് കൈമാറിയത്.
പ്രതി ശിക്ഷിക്കപ്പെട്ടെങ്കിലും ജില്ല കോടതി വിധിക്കെതിരെ പ്രതി ഹൈകോടതിയെ സമീപിക്കുകയും കുറ്റവാളിയല്ലെന്ന സംശയത്തിന്‍റെ ആനുകൂല്യത്തിൽ രക്ഷപ്പെടുകയുമായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെവരെ പ്രതിസ്ഥാനത്ത് നിർത്തുന്ന നിരീക്ഷണങ്ങളും വിമർശനങ്ങളും അന്നുണ്ടായി. എന്നാൽ, തളരാതെ വിധിക്കെതിരെ അദ്ദേഹം സുപ്രീംകോടതിയിൽ പോയി. ഒപ്പം ഹൈകോടതി വിജിലൻസിലും പരാതി നൽകി.
ഈ അന്വേഷണത്തിലാണ് അടിവസ്ത്രത്തിന്‍റെ അളവുകുറക്കൽ കണ്ടെത്തിയതും തുടർന്ന് 1994ൽ വഞ്ചിയൂർ പൊലീസ് കേസെടുത്തതും. അന്വേഷണം എങ്ങുമെത്തിയില്ല. 11 വർഷത്തിനുശേഷം ടി.പി. സെൻകുമാർ ദക്ഷിണമേഖല ഐ.ജിയായി ചുമതലയേറ്റതോടെയാണ് കേസ് അന്വേഷണം പൂർത്തിയാക്കി ആന്‍റണി രാജുവിനെയും ജോസിനെയും പ്രതികളാക്കി കുറ്റുപത്രം സമർപ്പിച്ചത്. ജയമോഹന്‍റെ പോരാട്ടമാണ് അടിവസ്ത്രതിരിമറി കേസ് വീണ്ടും അന്വേഷിക്കാനും കുറ്റക്കാർ ശിക്ഷിക്കപ്പെടാനും കാരണമായത്.
നിയമ സംവിധാനങ്ങളെ വെല്ലുവിളിക്കരുതെന്നും എല്ലാവരും അതിന് കീഴിലാണെന്നുമുള്ള സന്ദേശമാണ് വിധി നൽകുന്നതെന്ന് ജയമോഹൻ പറഞ്ഞു. പ്രതിയെ ശിക്ഷിച്ചു എന്നതിലുപരി സത്യം വിജയിച്ചു എന്നതാണ് പ്രധാനം. കേസിന്റെ അന്വേഷണ വേളയിൽതന്നെ വിചാരണ കോടതിയിൽവെച്ച് തൊണ്ടിമുതലിൽ കൃത്രിമം നടന്നതായി സംശയമുണ്ടായിരുന്നു. അന്ന് കോടതി അത് അംഗീകരിച്ചില്ല. പുതിയ വിധി നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം വർധിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2006ൽ ഐ.പി.എസ് ലഭിച്ച ജയമോഹൻ 2018ൽ റെയിൽവേ എസ്.പിയായി വിരമിച്ചു. വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ മെഡലും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

