ആനാട് ഗവ. ആയുർവേദ ആശുപത്രി ശോചനീയാവസ്ഥയിൽ
text_fieldsആനാട് ഗവ. ആയുർവേദ
ആശുപത്രി കെട്ടിടത്തിൽ
ചെടികളുടെയും മരങ്ങളുടെയും വേരുകൾ നിറഞ്ഞ
നിലയിൽ
നെടുമങ്ങാട്: ആനാട് ഗവൺമെന്റ് ആയുർവേദ ആശുപത്രി ശോചനീയാവസ്ഥയിൽ. കെട്ടിടത്തിൽ വളർന്ന ചെടികളുടെയും മരങ്ങളുടെയും വേരുകൾ കയറി വാർഡിലെ ശുചിമുറികൾ അടഞ്ഞ നിലയിലാണ്. ധാരാളം രോഗികൾ ആയുർവേദ ചികിത്സയ്ക്കായി ആശ്രയിക്കുന്ന ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് ആനാട് ഗ്രാമപഞ്ചായത്ത് തയാറാകുന്നില്ലെന്ന് പരാതിയുണ്ട്.
വാർഡിന്റെ നാലുമൂലയിലും സൺഷൈഡിലും ടെറസിലും പ്ലാസ്റ്റിക് മാലിന്യങ്ങളും ഇലകളും കുന്നുകൂടി. കെട്ടിടത്തിനു മുകളിലും വശങ്ങളിലും മരങ്ങൾ വളർന്ന് വേരുകൾ ശുചിമുറികളിലെ പൈപ്പുകൾ അടഞ്ഞു.
മരങ്ങൾ വലുതായിട്ടും ഗ്രാമപഞ്ചായത്ത് അധികൃതരോ ആശുപത്രി ജീവനക്കാരോ കാണാത്ത മട്ടിലാണ്. വാർഡിൽ കഴിയുന്ന രോഗികൾക്ക് ശുചിമുറി ഉപയോഗിക്കാൻ മതിയായ വെളിച്ചമില്ലാത്ത അവസ്ഥയാണ്. കിടപ്പ് രോഗികൾക്കും ഒ.പി യിൽ ഡോക്ടറെ കാണാൻ വരുന്ന രോഗികൾക്കും തെരുവ്നായ് ശല്യം കാരണം അകത്തേക്ക് കയറാൻ പറ്റാത്ത അവസ്ഥയാണ്. ദിവസ വാടക അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന പേ വാർഡ്കളിൽ പോലും വെള്ളമോ വെളിച്ചമോ ശുചിമുറി സംവിധാനമോ ഇല്ല.
അടിയന്തരമായി ആശുപത്രി വികസന സമിതിയും പഞ്ചായത്ത് അധികൃതരും ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സത്യഗ്രഹം ആരംഭിക്കുമെന്ന് കോൺഗ്രസ് ജനപ്രതിനിധികളായ ആർ. അജയകുമാർ, നെട്ടറക്കോണം ഗോപാലകൃഷ്ണൻ, കെ. ശേഖരൻ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

