ആമയിഴഞ്ചാന്‍ തോട് നവീകരണം: സംരക്ഷണ ഭിത്തിക്ക് 12 കോടി
text_fieldsതിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ സംരക്ഷണഭിത്തികെട്ടുന്നതിന് 12 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി മന്ത്രി റോഷി അഗസ്റ്റിന് അറിയിച്ചു.
ആനയറയ്ക്കടുത്ത് നെല്ലിക്കുഴി പാലം മുതല്‍ താഴേക്കാണ് തകര്‍ന്ന സംരക്ഷണ ഭിത്തി പുനര്‍ നിര്‍മിച്ച് ഇരുകരകളും സംരക്ഷിക്കുന്നതിനുള്ള ജോലികൾ നടത്തുക. കഴിഞ്ഞദിവസം പഴവങ്ങാടി തോട് സംരക്ഷണ ഭാഗമായി വേലി കെട്ടുന്നതിന് ജലസേചന വകുപ്പ് 5.54 കോടി രൂപ അനുവദിച്ചിരുന്നു. തോട്ടില്‍ മാലിന്യം തള്ളുന്ന ഭാഗങ്ങളിലാണ് വേലി കെട്ടുക. അടുത്തിടെ ശുചീകരണ തൊഴിലാളി മുങ്ങി മരിച്ച സാഹചര്യത്തിലാണ് സംരക്ഷണ നടപടി ത്വരിതപ്പെടുത്തിയത്. ആമയിഴഞ്ചാന്‍ തോട് സംരക്ഷണത്തിന് ജലസേചന വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തികളില്‍ ഒടുവിലത്തേതാണ് ഇവ.
മുമ്പ് കണ്ണമ്മൂല മുതല്‍ ആക്കുളം വരെയുള്ള ഭാഗത്തിന്റെ പുനര്‍ നിര്‍മാണത്തിനും ചെളി നീക്കുന്നതിനുമായി 25 കോടി രൂപ ജലസേചന വകുപ്പ് അനുവദിച്ചിരുന്നു. അതിനിടെ ആമയിഴഞ്ചാന്‍ തോട്ടില്‍ (പഴവങ്ങാടി തോട്) റെയില്‍വേ ട്രാക്കിന് അടിയിലെ ടണല്‍ ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ വൃത്തിയാക്കി. 1,500 ഘന മീറ്റര്‍ മണ്ണും ചെളിയും മാലിന്യവും ടണലിനുള്ളില്‍നിന്ന് നീക്കി. 117 മീറ്റര്‍ നീളമുള്ള ടണല്‍ വൃത്തിയാക്കാന്‍ 63 ലക്ഷം രൂപക്കായിരുന്നു കരാര്‍. തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കില്‍പെട്ട് ശുചീകരണ തൊഴിലാളി മാരായമുട്ടം സ്വദേശി ജോയി മരിക്കാന്‍ ഇടയായതിനു പിന്നാലെയാണ് ടണല്‍ വൃത്തിയാക്കാന്‍ നടപടി തുടങ്ങിയത്.
ടണലില്‍നിന്ന് കോരിയ മണ്ണും ചെളിയും ഇരുവശങ്ങളിലായി കൂട്ടിയിട്ടിരിക്കുകയാണ്. വെള്ളം പൂര്‍ണമായി തോര്‍ന്നശേഷം ഇതുനീക്കം ചെയ്യുമെന്ന് ഇറിഗേഷന്‍ അധികൃതര്‍ അറിയിച്ചു.
കാലവര്‍ഷത്തിനു മുന്നോടിയായി കഴിഞ്ഞ ഏപ്രില്‍ 20ന് ഇറിഗേഷന്‍, റെയില്‍വേ, കോര്പറേഷന് ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധനയില്‍ 150 ഘന മീറ്റര്‍ ചെളിയും മാലിന്യവും ടണലില്‍ അടിഞ്ഞു കൂടിയിട്ടുണ്ടെന്നാണ് കണക്കാക്കിയത്.
ഒബ്സര്‍വേറ്ററി ഹില്ലിലെ ജലശുദ്ധീകരണ പ്ലാന്റില്‍ നിന്ന് ഉത്ഭവിച്ച് കണ്ണമ്മൂല വഴി ആക്കുളം കായലില്‍ ചേരുന്ന ആമയിഴഞ്ചാന്‍ തോടിന് 12 കിലോമീറ്ററാണ് നീളം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

