എയർ ഇന്ത്യ എക്സ്പ്രസ് പണിമുടക്ക്; ഭാര്യയെ കാണാനാകാതെ രാജേഷ് മടങ്ങി
text_fieldsമസ്കത്ത്: എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്ന് ഭാര്യയെ അവസാനമായി ഒരുനോക്ക് കാണാനാകാതെ വിടപറഞ്ഞ പ്രവാസി മലയാളിയുടെ വിയോഗം മസ്കത്തിനെ കണ്ണീരിലാഴ്ത്തി.
തിരുവനന്തപുരം കരമന നെടുങ്കാട് റോഡില്‍ നമ്പി രാജേഷ് (40) ആണ് കഴിഞ്ഞ ദിവസം മസ്കത്തിൽ മരിച്ചത്. തളര്ന്നുവീണതിനെത്തുടര്ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ കാണാന്‍ മേയ് എട്ടിന് രാവിലെ മസ്കത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് ഭാര്യ അമൃത സി. രവി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.
രാവിലെ വിമാനത്താവളത്തിലെത്തിയപ്പോഴാണ് കാബിന് ജീവനക്കാരുടെ അപ്രതീക്ഷിത അവധിയെടുക്കല്‍ സമരം കാരണം എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കിയെന്ന വിവരം അറിഞ്ഞത്. അടിയന്തരമായി മസ്കത്തില് എത്തണമെന്ന് പറഞ്ഞിട്ടും എയർ ഇന്ത്യ അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടായില്ല. തൊട്ടടുത്ത ദിവസം യാത്രക്ക് ശ്രമിച്ചിരുന്നെങ്കിലും സമരം തീരാത്തതിനാല്‍ യാത്ര മുടങ്ങുകയായിരുന്നു. ഇതിനിടെയാണ് ഉറ്റവരെ അവസാനമായി കാണാനാകാതെ രാജേഷ് കഴിഞ്ഞ ദിവസം മരിച്ചത്.
ആശുപത്രിയിലെ ചികിത്സക്ക് ശേഷം രാജേഷ് വിശ്രമത്തിലായിരുന്നു. വാദി കബീര്‍ ഇന്റർനാഷനൽ ഇന്ത്യന്‍ സ്കൂളില്‍ ഐ.ടി മാനേജറായിരുന്ന ഇദ്ദേഹം സ്കൂളിന് അടുത്ത് തന്നെയായിരുന്നു സുഹൃത്തുക്കള്‍ക്കൊപ്പം താൽക്കാലികമായി താമസിച്ചിരുന്നത്. സുഹൃത്തുക്കള്‍ ഭക്ഷണം എത്തിച്ചുനല്‍കിയപ്പോള്‍ രാജേഷ് ഉറങ്ങുകയാണെന്ന് മനസ്സിലാക്കി ശല്യപ്പെടുത്തേണ്ടെന്ന് കരുതി മടങ്ങുകയായിരുന്നു.
എന്നാല്‍, പിന്നീട് വിളിച്ചപ്പോൾ ഫോണ്‍ എടുക്കാതിരിക്കുകയും സന്ദേശങ്ങള്‍ കാണാതിക്കുകയും ചെയ്തതോടെയാണ് മരിച്ചെന്ന് മനസ്സിലായത്. മസ്കത്തിലെ ആര്.ഒ.പി മോര്‍ച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. നഴ്സിങ് വിദ്യാര്‍ഥിനിയാണ് അമൃത. മക്കൾ: അനിക (യു.കെ.ജി), നമ്പി ശൈലേഷ് (പ്രീ കെ.ജി).
തങ്ങളുടെ സഹപ്രവർത്തകെൻറ അകാലവിയോഗം മസ്കത്ത് വാദി കബീര്‍ ഇന്റർനാഷനൽ ഇന്ത്യന്‍ സ്കൂളിലെ സഹപ്രവർത്തകർക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. എപ്പോഴും ചിരിച്ചുകൊണ്ടുമാത്രമായിരുന്നു തങ്ങളോട് ഇടപെട്ടിരുന്നതെന്ന് പലരും അനുസ്മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.