എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശിപാർശ
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: എയ്‌ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനത്തിൽ ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ 437 ഉദ്യോഗാർഥികൾക്കുള്ള നിയമന ശിപാർശയുടെ സംസ്ഥാനതല വിതരണം പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ, സംസ്ഥാന-ജില്ലാ തല സമിതികൾ രൂപവത്കരിച്ചാണ് ഭിന്നശേഷി സംവരണ തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കിയത്. ഹൈസ്കൂൾ തലം വരെ റിപ്പോർട്ട് ചെയ്യപ്പെട്ട 1300 ഒഴിവുകളിൽനിന്ന് റൊട്ടേഷൻ വ്യവസ്ഥ പ്രകാരം 437 പേർക്കാണ് നിയമന ശിപാർശ നൽകുന്നത്. ബാക്കി ഒഴിവുകളിലേക്കും വെയ്റ്റിങ് ലിസ്റ്റിൽ നിന്നുമുള്ള നിയമനങ്ങൾ നടക്കും.
എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴിയും മാനേജർമാർ നേരിട്ടും ഇതിനകം 1500-ഓളം പേർക്ക് നിയമനം നൽകിയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സമന്വയ സോഫ്റ്റ്‌വെയറിലൂടെയാണ് നിയമന നടപടികൾ ഏകോപിപ്പിച്ചത്. ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് എയ്ഡഡ് മേഖലയിൽ നിലവിൽ ജോലി ചെയ്യുന്ന മറ്റ് അധ്യാപകരുടെ ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് മന്ത്രി വ്യക്തമാക്കി.
ഭിന്നശേഷി നിയമനം പൂർണമായും നടപ്പാവുംവരെ താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് പെൻ നമ്പർ, അവധി, പി.എഫ്, ഇൻഷുറൻസ് തുടങ്ങിയ ആനുകൂല്യങ്ങൾ നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

