ഗ്യാസ് ഏജൻസി ഉടമയെ പറ്റിച്ച് പണം തട്ടിയ ഏജന്‍സി മാനേജർ പിടിയിൽ
text_fieldsവലിയതുറ: ഗ്യാസ് ഏജന്‍സി ഉടമയെ പറ്റിച്ച് 23 ലക്ഷം രൂപ തട്ടിയെടുത്ത ഏജന്‍സി മാനേജരെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തു. ഊരൂട്ടമ്പലം അയണിമൂട് സ്വദേശിയും അഭിഭാഷകനുമായ എം.എസ്. അനില്‍ പ്രസാദിനെയാണ് (59) അറസ്റ്റ് ചെയ്തത്.
ഈഞ്ചയ്ക്കലിലെ സ്വകാര്യ പാചകവാതക കമ്പനിയിലെ മാനേജരായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു. പാചകവാതക സിലിണ്ടറുകള്‍ വിതരണം ചെയ്ത ശേഷം ഉപഭോക്താക്കള്‍ നല്കുന്ന പണം ഏജന്‍സിയില്‍ നല്‍കാതെ തട്ടിക്കുകയായിരുന്നു. അടുത്തിടെ ഏജന്‍സിയില്‍ നടത്തിയിരുന്ന ഓഡിറ്റിലാണ് ഏജന്‍സി ഉടമ തട്ടിപ്പ് തിരിച്ചറിഞ്ഞത്. വലിയതുറയിലെ സ്ഥാപനത്തിന് ഗ്യാസ് സിലിണ്ടറുകള്‍ നല്കിയ ഇനത്തില്‍ ലഭിച്ച 75,000 രൂപ ഇയാളുടെ അക്കൗണ്ടിലേക്ക് മാറ്റിയിരുന്നു.
ഗ്യാസ് സിലിണ്ടറുകള്‍ വിതരണത്തിലും ലഭിക്കേണ്ട പണം വരവുവെക്കുന്നതിനും ക്രമക്കേട് നടത്തിയ അക്കൗണ്ടന്റാണ് രണ്ടാം പ്രതി. അനില്‍ പ്രസാദ് അക്കൗണ്ടന്റുമായി ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്. പ്രതിക്കെതിരെ കന്റോണ്‍മെന്റ്, തമ്പാനൂര്‍, ഫോര്‍ട്ട് പൊലീസ് സ്റ്റേഷനുകളില്‍ സമാന കേസ് നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

