വിവിധ കേസുകളിലെ പ്രതി മോഷണശ്രമത്തിനിടെ പിടിയില്‍
text_fieldsഅനൂപ് ആന്റണി
വലിയതുറ: നിരവധി കേസുകളിലെ പ്രതിയെ മോഷണശ്രമത്തിനിടെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തു. വലിയതുറ ബാലനഗര്‍ സ്വദേശി അനൂപ് ആന്റണിയാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രി പൊലീസ് പട്രോളിങ്ങിനിടെ വെട്ടുകാട് പളളിക്ക് സമീപത്തുനിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. പളളിക്ക് സമീപത്തുളള വീട്ടില്‍ കവര്‍ച്ചക്കായി കയാറാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പോലീസിന്റെ വലയിലകപ്പെട്ടത്. വലിയതുറക്ക് സമീപം വീടിനോട് ചേര്‍ന്ന് പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോയില്‍ നിന്നു ബാറ്ററി കവര്‍ന്നതുമായി ബന്ധപ്പെട്ട് ആഴ്ചകള്‍ക്ക് മുമ്പ് ഇയാളെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. അതിനു ശേഷം ജാമ്യത്തിലിറങ്ങി കഴിഞ്ഞ ദിവസം ഇയാള്‍ മോഷണ ശ്രമം നടത്തവേയാണ് വീണ്ടും ഇയാള്‍ പിടിയിലായത്.
അനൂപ് ആന്റണി നിരവധി കേസുകളിലെ പ്രതിയാണെന്നും അടുത്തിടെ കാപ്പ കേസ് ചുമത്തി ജയിലില്‍ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്നതായും ജയിലില്‍ സ്ഥലമില്ലാത്തതിനെ തുടര്‍ന്ന് ജയില്‍ മോചിതനാക്കിയതായും പോലീസ് പറഞ്ഞു. അതിനു ശേഷമാണ് ഇയാള്‍ ഓട്ടോയില്‍ നിന്നു ബാറ്ററി കവര്‍ന്ന കുറ്റത്തിന് ജയിലില്‍ പോയത്. വീണ്ടും ജാമ്യത്തിലിറങ്ങിയായിരുന്നു കവര്‍ച്ചാശ്രമം നടത്തിയത്. ഓരോ കേസിലും ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും അടുത്ത ദിവസം മുതല്‍ കവര്‍ച്ചയില്‍ ഏര്‍പ്പെടുകയാണ് ഇയാളുടെ രീതി. പ്രതിയെ കോടതിയില്‍ ഹാജരാക്കി. വലിയതുറ എസ്.എച്ച്.ഒ അശോക് കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ ഇന്‍സമാം ഉള്‍പ്പെട്ട പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.

