ജില്ലയിൽ അപകട നിരക്ക് വർധിക്കുന്നു; ഓവർടേക്കിങ്ങും അമിതവേഗവും അപകടങ്ങൾ കൂടാൻ കാരണം
text_fieldsകഴക്കൂട്ടം-കാരോട് ബൈപാസിൽ കുളത്തൂർ മുക്കോലയ്ക്കൽ ജങ്ഷനിൽ വരച്ച ‘യെല്ലോ ബോക്സുകൾ’
തിരുവനന്തപുരം: എ.ഐ കാമറകളും സ്മാർട്ട് റോഡുകളും ഗതാഗത ബോധവത്കരണവുമെല്ലാം ഒരു വശത്തുണ്ടെങ്കിലും തലസ്ഥാനത്തെ വാഹനാപകടങ്ങൾക്ക് കുറവില്ല. 2020 മുതൽ കഴിഞ്ഞവർഷം വരെയുള്ള കണക്കുകളിൽ ജില്ലയിൽ വാഹനാപകടങ്ങൾ വിർധിച്ചുവെന്നാണ് വ്യക്തമാകുന്നത്.
2020ൽ 3557 വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ കഴിഞ്ഞവർഷമത് 5772 ആയി ഉയർന്നു. 2020ൽ സിറ്റി പരിധിയിൽ 1214 വാഹനാപകടങ്ങളിൽ 108 പേർ മരിച്ചു. തിരുവനന്തപുരം റൂറലിൽ 2343 അപകടങ്ങളിൽ 259 പേരുടെ ജീവനും നഷ്ടമായി. 2024 ആയപ്പോൾ നഗരപരിധിയിൽ 2292 പേരും ഗ്രാമീണമേഖലയിൽ 3480 പേരും വിവിധ അപകടങ്ങളിൽപെട്ടു. 484 പേരുടെ ജീവനാണ് ജില്ലയിൽ കഴിഞ്ഞവർഷം മാത്രം റോഡിൽ പൊലിഞ്ഞത്.
2021ൽ 4131ഉം 2022ൽ 5085ഉം 2023ൽ 5649ഉം വാഹനാപകടങ്ങളുണ്ടായി. 2022ലാണ് ഏറ്റവുമധികം മരണം റിപ്പോർട്ട് ചെയ്തത്, 543 പേർ. 2021ൽ 410 പേരുടെയും 2023ൽ 484 പേരുടെയും ജീവനുകളും നഷ്ടപ്പെട്ടു. സംസ്ഥാനത്ത് ഏറ്റവുമധികം വാഹനാപകടം നടക്കുന്നത് എറണാകുളം ജില്ലയിലാണ്. രണ്ടാം സ്ഥാനത്താണ് തിരുവനന്തപുരം. എന്നാൽ, മരണനിരക്കിൽ തിരുവനന്തപുരവും എറണാകുളവും തമ്മിൽ നേരിയ വ്യത്യാസം മാത്രമേയുള്ളൂ.
ഓവർടേക്കിങ്ങും അമിതവേഗവുമാണ് അപകടങ്ങൾ കൂടാൻ കാരണം. അപകടങ്ങളേറെയും രാത്രി ആറിനും ഒമ്പതിനും ഇടയിലാണ് സംഭവിക്കുന്നത്. അപകടം കുറവ് പുലർച്ചെ മൂന്നു മുതൽ ആറുവരെയുമാണ്. ഈവർഷം മേയ് വരെ 21277 വാഹനാപകടങ്ങളാണ് സംസ്ഥാനത്തുണ്ടായത്. ഇതിൽ 1631 പേരുടെ ജീവൻ നഷ്ടമായി.
‘യെല്ലോ ബോക്സ്’ വെറും വരയല്ല
ഒരേ ദിശയിൽ വരുന്ന വാഹനങ്ങൾ നിർത്തേണ്ടി വരില്ലെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ ‘യെല്ലോ ബോക്സ്’ ഏരിയയിൽ പ്രവേശിക്കാൻ പാടുള്ളൂ തിരുവനന്തപുരം: റോഡുകളിലെ മഞ്ഞ ബോക്സുകൾ വെറും വരകളല്ല, തിരക്ക് നിയന്ത്രിച്ച് അപകടങ്ങൾ കുറക്കാനുള്ള മാർഗം കൂടിയാണ്.
തിരക്കുള്ള ജങ്ഷനുകളിൽ തടസ്സം കൂടാതെ വാഹനങ്ങൾക്ക് കടന്നുപോകാനുള്ള സൗകര്യമൊരുക്കുന്നതിനും, ഗതാഗത തടസ്സങ്ങൾ സ്വയം നിയന്ത്രിക്കുന്നതിനും വേണ്ടി ക്രമീകരിച്ചിരിക്കുന്നതാണ് ‘യെല്ലോ ബോക്സ്’ അഥവാ മഞ്ഞനിറത്തിലുള്ള കളങ്ങളോടുകൂടിയ വരകൾ. സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കുന്നതിന് സൗകര്യം കുറവുള്ളതോ, രണ്ടോ അതിലധികമോ പ്രധാന റോഡുകൾ സംഗമിക്കുന്ന സ്ഥലങ്ങളിലോ, ട്രാഫിക് സിഗ്നൽ ലൈറ്റുകൾക്ക് ശേഷമോ ആണ് ഈ സംവിധാനം സ്ഥാപിക്കുക.
ഒരേദിശയിൽ വരുന്ന വാഹനങ്ങൾ ‘യെല്ലോ ബോക്സ്’ ഏരിയയിൽ നിർത്തേണ്ടി വരില്ലെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ ഡ്രൈവർമാർ അവിടേക്ക് പ്രവേശിക്കാൻ പാടുള്ളൂ. അതായത് ഡ്രൈവർമാർ സ്വയം നിയന്ത്രിച്ച് ഗതാഗത തടസ്സം ഒഴിവാക്കുക എന്നതാണ് ഉദ്ദേശം. അവിടെ വാഹനം നിർത്താനോ പാർക്ക് ചെയ്യാനോ അനുവാദമില്ല. അത് ശിക്ഷാർഹമാണ്. ട്രാഫിക് തിരക്കുകൾ സ്വയം നിയന്ത്രിക്കാൻ പ്രാപ്തിയുള്ള പരിഷ്കൃത സമൂഹത്തിന്റെ മുഖമുദ്രയാണ് യെല്ലോ ബോക്സ് മാർക്കിങ്ങുകൾ.
കഴിഞ്ഞയാഴ്ച കഴക്കൂട്ടം-കാരോട് ബൈപാസിൽ കുളത്തൂർ മുക്കോലയ്ക്കൽ ജങ്ഷനിൽ ഇത്തരം മഞ്ഞ ബോക്സുകൾ റോഡിൽ വരച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

