ട്രാക്കിൽ പരിശോധനക്കിടെ അപകടം; റെയിൽവേ ജീവനക്കാർക്ക് പരിക്കേറ്റത് ട്രെയിനിൽ കയറുമ്പോഴോ ഇറങ്ങുമ്പോഴോ ആകാം
text_fieldsതിരുവനന്തപുരം: ജോലിക്കിടെ രണ്ട് റെയിൽവേ ജീവനക്കാർക്ക് ഗുരുതര പരിക്കേറ്റത് ട്രെയിനിൽ കയറുമ്പോഴോ ഇറങ്ങുമ്പോഴോ ആയിരിക്കാമെന്ന് സംശയം. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയാൽ മാത്രമേ എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ വ്യക്തത വരുകയുള്ളൂവെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.
അതേസമയം, പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള മിഥുന്‍റെ ആരോഗ്യനിലയിൽ അൽപം ആശങ്കയുണ്ടെന്നാണ് വിവരം. ഇയാൾ 24 മണിക്കൂർ നിരീക്ഷണത്തിലാണെന്നും ശേഷമേ ആരോഗ്യം സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത വരുള്ളൂയെന്നുമാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.
തിങ്കളാഴ്ച രാത്രി എട്ടോടെ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷന്‍റെ കിള്ളിപ്പാലത്തെ ഷണ്ടിങ് യാർഡിന് സമീപമായിരുന്നു അപകടം.
കുർള എക്സ്പ്രസ് പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവരുമ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. റെയിൽവേ ട്രാക്കിൽ മാലിന്യം നിക്ഷേപിക്കുന്നെന്ന പരാതിയെ തുടർന്ന് അത് പരിശോധിക്കാൻ പോയ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സീനിയർ സെക്ഷൻ എൻജിനീയർ റാംശങ്കർ (47), അപ്രന്‍റിസ് മിഥുൻ (25) എന്നിവർക്കാണ് പരിക്കേറ്റത്.
ഇതിൽ റാംശങ്കറിന്‍റെ കാൽ അപകടത്തിൽ മുറിഞ്ഞുപോയി. റെയിൽവേ പാളത്തിൽനിന്നാണ് കാൽ കണ്ടെടുത്തതെന്ന് ജീവനക്കാർ പറഞ്ഞു. ഇദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു. പരിശോധനക്കു ശേഷം ട്രെയിനിൽ കയറാൻ ശ്രമിക്കുമ്പോഴോ അല്ലെങ്കിൽ പരിശോധനക്കായി ട്രെയിനിൽ കയറി ഇറങ്ങുമ്പോഴോ ആകാം ഇവർക്ക് പരിക്കേറ്റതെന്നാണ് നിഗമനം.
ട്രെയിൻ തട്ടിയല്ല ഇവർക്ക് പരിക്കേറ്റതെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. സംഭവത്തിനു പിന്നിൽ മറ്റ് അട്ടിമറിയൊന്നും സംശയിക്കുന്നില്ലെന്നും അവർ അറിയിച്ചു. സാധാരണ ഇത്തരത്തിൽ ജീവനക്കാർ ട്രെയിനിൽ ചാടിക്കയറാറും ഇറങ്ങാറുമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കുർള, നേത്രാവതി ട്രെയിനുകളിൽ ഏതെങ്കിലും ഒന്നിൽനിന്നാകാം അപകടമുണ്ടായതെന്നാണ് കരുതുന്നത്.
അമൃത എക്സ്പ്രസ് ഷണ്ടിങ്ങിനായി കൊണ്ടുവരുമ്പോഴാണ് ജീവനക്കാരെ ട്രാക്കിൽ കണ്ടെത്തിയത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണാണ് മിഥുന് പരിക്കേറ്റത്. സംഭവത്തിൽ ആർ.പി.എഫും റെയിൽവേ പൊലീസും കേസെടുത്ത് അന്വേഷണം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

