സ്കൂട്ടറിൽ പോയ സ്ത്രീയെ ആക്രമിച്ച് ഏഴുപവൻ കവർന്നു
text_fieldsസുനിത
തിരുവട്ടാർ: മക്കളെ സ്കൂളിൽനിന്ന് വിളിച്ചുകൊണ്ടുവരാനിറങ്ങിയ മാതാവിനെ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിച്ച് ഏഴുപവൻ സ്വർണമാല കവർന്നു. ബുധനാഴ്ച വൈകീട്ട് തിരുവട്ടാറിനു സമീപം കൊറ്റികോട്ടത്താണ് സംഭവം. ലോറി ഡ്രൈവറായ സുരേഷിന്റെ ഭാര്യ സുനിത (36) ആണ് ആക്രമണത്തിനിരയായത്.
സ്കൂൾ സ്ഥിതിചെയ്യുന്ന ഏറ്റകോട് ഭാഗത്തേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന സുനിതയെ മാസ്ക് ധരിച്ച് നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിലെത്തിയ മൂന്നുപേർ തടഞ്ഞുനിർത്തി മാലപൊട്ടിച്ചു. ഇതുതടയാൻ ശ്രമിച്ച യുവതിയെ നിലത്ത് തള്ളിയിട്ട് മർദിച്ചശേഷം മാലയുമായി കടന്നു. സുനിതയുടെ മുഖത്ത് സാരമായ പരിക്ക് പറ്റിയിട്ടുണ്ട്.
സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇതിനിടെ, വ്യാഴാഴ്ച നാഗർകോവിൽ ഭാഗത്ത് ആഭരണം വിൽക്കാൻ വന്ന യുവാവിനെ കടക്കാരൻ നൽകിയ സൂചനയനുസരിച്ച് പിടികൂടിയ പ്രത്യേക പൊലീസ് രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്യുന്നതായാണ് ലഭിച്ച വിവരം. ഒപ്പമുണ്ടായിരുന്ന രണ്ടു പേരെയും തിരയുന്നു. തിരുവട്ടാർ പൊലീസാണ് അന്വേഷണം നടത്തുന്നത്.

