കുളിമുറി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: വീട്ടിലെ കുളിമുറിയിലെ ദൃശ്യങ്ങൾ മൊബൈൽ ഫോൺ വഴി പകർത്തിയ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ. കന്യാകുമാരി കിള്ളിയൂർ നെടുവിളാം തട്ടുവിള വീട്ടിൽ മെർസിൽ ജോസിനെ (40) യാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രി 11ന് വെള്ളയമ്പലം ആൽത്തറ ജങ്ഷനു സമീപത്തെ വീട്ടിലായിരുന്നു സംഭവം.
ഇവിടെ കെട്ടിട നിർമാണത്തിനായി എത്തിയതാണ് മേസ്തിരിയായ മെർസിൽ ജോസ്. നിർമാണസ്ഥലത്തിനു സമീപത്തെ വീട്ടിലാണ് മറ്റ് ഏഴുപേർക്കൊപ്പം ജോസും താമസിച്ചിരുന്നത്. ഇവർ താമസിച്ചിരുന്ന വീടിനു തൊട്ടടുത്തുള്ള വീട്ടിലെ കുളിമുറിയുടെ വെന്റിലേഷനിലാണ് മെർസിൽ മൊബൈൽ കാമറ വെച്ചത്.
തുടർന്ന്, മതിലിനുസമീപത്ത് പതുങ്ങിനിൽക്കുകയായിരുന്ന മെർസിലിനെ വീട്ടുകാർ കാണുകയും തടഞ്ഞുവെച്ച് പൊലീസിനെ ഏൽപിക്കുകയുമായിരുന്നു. ഇയാളുടെ ഫോണിൽ നിന്ന് ദൃശ്യങ്ങൾ കണ്ടെത്തിയതായി മ്യൂസിയം സി.ഐ പറഞ്ഞു. മുമ്പ് രാത്രിയിൽ മറ്റ് പല വീടുകളിലും മെർസിൽ ഒളികാമറ വെച്ച് ദൃശ്യങ്ങൾ പകർത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

