മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്ത പൊലീസുകാരെ നാലംഗ സംഘം ആക്രമിച്ചു
text_fieldsവട്ടിയൂർക്കാവ്: മാസ്ക് ധരിക്കാത്തതിനെ ചോദ്യം ചെയ്ത പൊലീസുകാരെ നാലംഗ സംഘം ആക്രമിച്ചു. എസ്.ഐക്ക് പരിക്കേറ്റു. ആക്രമിസംഘത്തിലെ രണ്ടുപേരെ പൊലീസ് പിടികൂടി.
ശനിയാഴ്ച രാത്രി 8.15ഓടെ കുടപ്പനക്കുന്ന് ജങ്ഷന് സമീപത്തായിരുന്നു സംഭവം. മാസ്ക് ധരിക്കാതെ നിന്ന നാലു ചെറുപ്പക്കാരെ സ്ഥലത്തെത്തിയ എസ്.ഐ നന്ദകൃഷ്ണൻ ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതരായ യുവാക്കൾ എസ്.ഐയെ മർദിക്കുകയും യൂനിഫോം വലിച്ചുകീറുകയും ചെയ്തശേഷം തുടർന്ന് ഓടി മറഞ്ഞു. സംഭവമറിഞ്ഞ് പേരൂർക്കട പൊലീസ് ഇൻസ്പെക്ടർ അനൂപ് സ്ഥലത്തെത്തി. സമീപത്തെ വീട്ടിൽനിന്നും രണ്ടു പേരെ പിടികൂടി.
കുടപ്പനക്കുന്ന് സ്വദേശികളായ ജിബിൻ (31), ലിബിൻ (29) എന്നിവരാണ് പിടിയിലായത്. ഇവരെ ഞായറാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് പേരൂർക്കട പൊലീസ് അറിയിച്ചു.

