പി.എസ്.സിയുടെ പേരില്‍ വ്യാജ കത്ത്; പ്രത്യേക സംഘം അന്വേഷിക്കും
text_fieldsമെഡിക്കല്‍ കോളജ്: സര്‍ട്ടിഫിക്കറ്റ് പരിശോധനക്ക് ഹാജരാകാന്‍ പി.എസ്.സിയുടെ വ്യാജ ലെറ്റര്‍ ഹെഡില്‍ ഉദ്യോഗാർഥികള്‍ക്ക് കത്ത് ലഭിച്ച സാഹചര്യം അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപവത്കരിച്ച് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേശ് സാഹിബ് ഉത്തരവായി.
തിരുവനന്തപുരം സിറ്റി ക്രൈം ആന്‍ഡ് അഡ്മിനിസ്ട്രേഷന് ഡെപ്യൂട്ടി കമീഷണര്‍ ബിജി ജോര്‍ജാണ് സംഘത്തലവന്. തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണര്‍ സി. നാഗരാജുവിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരിക്കും സംഘത്തിന്റെ പ്രവര്‍ത്തനം നടക്കുക.
സൈബര്‍ സിറ്റി അസി.കമീഷണര്‍ ഡി.കെ. പൃഥ്വിരാജ് അന്വേഷണ ഉദ്യാഗസ്ഥന് ആയിരിക്കും. അടൂര്‍ ഡിവൈ.എസ്.പി ആര്. ജയരാജ്, തിരുവനന്തപുരം മെഡിക്കല്‍ കോളജ് സി.ഐ പി. ഹരിലാല്‍, തൃശൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷന് ഹൗസ് ഓഫിസര്‍ ടി.പി. ഫര്‍ഷാദ്, തിരുവനന്തപുരം മെഡിക്കല്‍ കോളജ് എസ്.ഐ പി.എല്‍. വിഷ്ണു എന്നിവരാണ് സംഘാംഗങ്ങള്‍.
പരിശോധനക്ക് സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാന്‍ പി.എസ്.സിയുടെ ലെറ്റര്‍ ഹെഡില്‍ ഏതാനും ഉദ്യോഗാർഥികള്‍ക്ക് നിർദേശം ലഭിച്ചിരുന്നു. അവര്‍ ഈ കത്തും സര്‍ട്ടിഫിക്കറ്റുകളുമായി പി.എസ്.സിയില്‍ എത്തിയപ്പോഴാണ് നിർദേശം വ്യാജമാണെന്ന് മനസ്സിലായത്.

